ഭക്ഷ്യ ഉത്പന്നങ്ങളിൽ അളവ് രേഖപ്പെടുത്തണം, പ്രമേഹത്തിൽ വലഞ്ഞ് രാജ്യം; നോട്ടീസ് അയച്ച് സുപ്രീംകോടതി

Friday 09 August 2024 1:11 AM IST

ന്യൂഡൽഹി : രാജ്യം വലിയതോതിൽ പ്രമേഹരോഗ പ്രശ്‌നം നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടിയ പൊതുതാത്പര്യഹർജിയിൽ കേന്ദ്രസർക്കാരിനും സംസ്ഥാനങ്ങൾക്കും നോട്ടീസ് അയക്കാൻ ഉത്തരവിട്ട് സുപ്രീംകോടതി. പാക്കേജ് ഭക്ഷ്യ ഉത്പന്നങ്ങളിൽ പഞ്ചസാര, കൊഴുപ്പ്, സോഡിയം തുടങ്ങിയവയുടെ അളവ് എത്രയെന്ന് നിർബന്ധമായും അടയാളപ്പെടുത്താൻ നിർദ്ദേശിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. അങ്ങനെയെങ്കിൽ ആവശ്യമുള്ളത് മാത്രം തിരഞ്ഞെടുക്കാൻ ജനങ്ങൾക്ക് അവസരം ലഭിക്കും. പ്രമേഹബാധ തടയാനും സാധിക്കും. 3 എസ് ആൻഡ് ഔർ ഹെൽത്ത് സൊസൈറ്റി എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്. ഹർജിയിൽ നാലാഴ്ചയ്‌ക്കകം കേന്ദ്ര - സംസ്ഥാന സർക്കാരുകൾ മറുപടി നൽകണം. ആഗസ്റ്റ് 27ന് ഹർജി വീണ്ടും പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കുട്ടികളിൽ പോഷകാഹാരക്കുറവും

പൊണ്ണത്തടിയും

ഇന്ത്യയിപ്പോൾ ഗുരുതരമായ പൊതുജനാരോഗ്യ പ്രതിസന്ധി നേരിടുകയാണെന്ന് ഹർജിയിൽ പറയുന്നു. അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ പോഷകാഹാരക്കുറവും പൊണ്ണത്തടിയും വർദ്ധിക്കുന്നു. ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം ഈ പ്രായപരിധിയിലുള്ള മൂന്നിൽ ഒരു കുട്ടിക്ക് ഇത്തരം ശാരീരിക പ്രശ്‌നങ്ങളുണ്ട്. കോടികണക്കിന് ആൾക്കാരാണ് പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയാൽ ബുദ്ധിമുട്ടുന്നത്. പ്രമേഹം നിശബ്‌ദ വ്യാധിയാണ്. പൊണ്ണത്തടിയുള്ള സ്ത്രീകളുടെയും പുരുഷന്മാരുടെയും എണ്ണം രാജ്യത്ത് വർദ്ധിക്കുന്നു. ജങ്ക് ഫുഡുകൾ അമിതമായി കഴിക്കുന്നത് കാരണമാണിത്. ഇന്ത്യയിൽ നാലിലൊരാൾക്ക് ഇത്തരത്തിൽ അമിതവണ്ണമുള്ളതായി പഠനറിപ്പോർട്ടുകളുണ്ടെന്നും ഹർജിയിൽ പറയുന്നു.

Advertisement
Advertisement