നഴ്സുമാരുടെ വേതനം: നിലപാട് ആവർത്തിച്ച് കേന്ദ്രം

Friday 09 August 2024 2:26 AM IST

ന്യൂഡൽഹി: സ്വകാര്യ ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും നഴ്സുമാർക്ക് സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം 2016ൽ വിദഗ്ദ്ധ സമിതി നിർദ്ദേശിച്ച വേതന വ്യവസ്ഥകൾ നൽകണമെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. 50ന് മുകളിൽ കിടക്കകളുള്ള ആശുപത്രികളിൽ നഴ്സുമാർക്ക് കുറഞ്ഞത് 20,000 രൂപ വേതനം ലഭിക്കണമെന്ന് അടക്കം സമിതിയുടെ ശുപാർശകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയിട്ടുണ്ടെന്നും രാജ്യസഭയിൽ കേന്ദ്ര ആരോഗ്യ സഹമന്ത്രി അറിയിച്ചു.

200 കിടക്കകളുള്ള സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർക്ക് സർക്കാർ നഴ്സുമാർക്ക് തുല്യമായ ശമ്പളം നൽകണം. 100 കിടക്കകളുള്ള ആശുപത്രികളിൽ സർക്കാർ നഴ്‌സുമാർക്ക് നൽകുന്ന ശമ്പളത്തിന്റെ 10 ശതമാനത്തിലധികം കുറയ്‌ക്കരുത്. 50-100 കിടക്കകളുള്ള ആശുപത്രികളിൽ 25ശതമാനത്തിലധികം കുറയ്‌ക്കരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. 50 കിടക്കകളിൽ താഴെയെങ്കിൽ കുറഞ്ഞത് 20,​000 രൂപ ശമ്പളവും നൽകണം.

2016 ജനുവരിയിലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തൊട്ടടുത്ത മാസം കേന്ദ്രം ഹെൽത്ത് സർവീസസ് ഡയറക്‌ടർ ജനറലിന്റെ അദ്ധ്യക്ഷതയിൽ വിദഗ്‌ദ്ധ സമിതി രൂപീകരിച്ചത്. തുടർന്നിങ്ങോട്ട് പാർലമെന്റിൽ വിവിധ എം.പിമാരുടെ മറുപടിയായി കേന്ദ്രസർക്കാർ ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്.

Advertisement
Advertisement