സ്‌റ്റാർലൈനർ: മടക്കയാത്ര 2025 വരെ നീണ്ടേക്കും

Friday 09 August 2024 6:32 AM IST

വാഷിംഗ്ടൺ: ഇന്ത്യൻ വംശജ സുനിത വില്യംസിനും ബച്ച് വിൽമോറിനും 2025 ഫെബ്രുവരി വരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരേണ്ടി വന്നേക്കാമെന്ന് സൂചന. ഇരുവരെയും നിലയത്തിൽ എത്തിച്ച ബോയിംഗ് സ്റ്റാർലൈനർ പേടകത്തിന്റെ തകരാറ് പരിഹരിക്കുന്നത് തുടരുന്ന സാഹചര്യത്തിൽ അമേരിക്കൻ സ്പേസ് ഏജൻസിയായ നാസയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സ്റ്റാർലൈനറിൽ ഇരുവരുടെയും തിരിച്ചുവരവ് സുരക്ഷിതമല്ലെങ്കിൽ 2025 ഫെബ്രുവരിയിൽ സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗൺ കാപ്‌സ്യൂളിൽ തിരിച്ചെത്തിക്കുമെന്ന് നാസ വ്യക്തമാക്കി. സ്റ്റാർലൈനർ നിലയത്തിൽ തുടരുന്നതിനാൽ ഈ മാസം 18ന് നാല് സഞ്ചാരികളുമായി വിക്ഷേപിക്കേണ്ടിയിരുന്ന സ്‌പേസ് എക്‌സ് ക്രൂ 9 ദൗത്യം സെപ്തംബർ 24ലേക്ക് മാ​റ്റിയിരുന്നു. ജൂൺ 5നാണ് സ്റ്റാർലൈനർ പേടകത്തിൽ സുനിതയും വിൽമോറും നിലയത്തിലേക്ക് തിരിച്ചത്. ജൂൺ 13നായിരുന്നു ഇവർ തിരിച്ചെത്തേണ്ടിയിരുന്നത്. എന്നാൽ പേടകത്തിലെ ഹീലിയം ചോർച്ചയുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനകൾ മുൻനിറുത്തി മടക്കയാത്ര വൈകുകയാണ്.

Advertisement
Advertisement