പാപ്പച്ചന്റേത് മാത്രമല്ല, സരിത തട്ടിയത് ഏഴ് പേരുടെ പണം, ഒടുവിൽ അരുംകൊല; അന്വേഷണത്തിൽ നിർണായകമായത് നീല കാർ

Friday 09 August 2024 11:06 AM IST

കൊല്ലം: ആശ്രാമത്ത് ബി.എസ്.എൻ.എൽ റിട്ട. അസി. ജനറൽ മാനേജർ സി.പാപ്പച്ചനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അപകടമരണമാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ മരണത്തിൽ പാപ്പച്ചന്റെ മകൾക്ക് ചില സംശയങ്ങൾ തോന്നി പൊലീസിൽ പരാതി നൽകിയതാണ് കേസിൽ നിർണായകമായത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാപ്പച്ചന്റെ പണം തട്ടിയെടുത്തതിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ വനിതാ ബാങ്ക് മാനേജർ സഹപ്രവർത്തകന്റെ സഹായത്തോടെ ക്വട്ടേഷൻ നൽകുകയായിരുന്നുവെന്ന് കണ്ടെത്തി. കൊല്ലം തേവള്ളി കാവിൽ ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന സരിത (45), ബാങ്കിലെ എക്സിക്യുട്ടീവായിരുന്ന മരുത്തടി സ്വദേശി അനൂപ് (37), ക്വട്ടേഷൻ ഏറ്റെടുത്ത പോളയത്തോട് അനിമോൻ മൻസിലിൽ അനിമോൻ (44), കടപ്പാക്കട പുത്തൻവീട്ടിൽ മാഹീൻ (47), ഇരുവരുടെയും സുഹൃത്തായ പോളയത്തോട് സൽമാ മൻസിലിൽ ഹാഷിഫ് (27) എന്നിവരാണ് പിടിയിലായത്.

മേയ് 23ന് ഉച്ചയ്ക്ക് 12.30 ഓടെയാണ് പാപ്പച്ചൻ മരിച്ചത്. കാറോടിച്ചിരുന്ന അനിമോനെ കസ്റ്റഡിയിലെടുത്തെങ്കിലും അപകട മരണമാണെന്ന് കരുതി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മകൾ പരാതി നൽകിയതോടെ കേസിന്റെ ചുരുളഴിയുകയായിരുന്നു.

പാപ്പച്ചൻ ബാങ്കിൽ നിക്ഷേപിക്കാൻ പലപ്പോഴായി കൈമാറിയ 70 ലക്ഷത്തോളം രൂപ സരിതയും അനൂപും ചേർന്ന് തട്ടിയെടുത്തു. പാപ്പച്ചൻ ബാങ്ക് അധികൃതർക്ക് പരാതി നൽകിയതോടെ ആഭ്യന്തര ഓഡിറ്റിൽ സരിതയും അനൂപും മറ്റ് ഏഴുപേരെക്കൂടി കബിളിപ്പിച്ചതായി കണ്ടെത്തി. സരിതയേയും അനൂപിനെയും സസ്‌പെൻഡ് ചെയ്യുകയും പണം നിക്ഷേപകർക്ക് തിരികെ നൽകാൻ ആവശ്യപ്പെടുകയും ചെയ്‌തു.


എന്നാൽ പാപ്പച്ചന്റേത് ഭീമമായ തുകയായതിനാൽ തിരികെ നൽകാൻ സാധിക്കില്ലെന്ന് ഇരുവർക്കും ഉറപ്പായിരുന്നു. പാപ്പച്ചൻ ഒരുകാലത്ത് ഇവരെ അത്രയധികം വിശ്വസിച്ചിരുന്നു. കുടുംബവുമായി അകന്നുകഴിയുന്ന കാര്യങ്ങളൊക്കെ അദ്ദേഹം പ്രതികളുമായി പങ്കുവച്ചിരുന്നു. അതുതന്നെയാണ് പാപ്പച്ചന് വിനയായതും. പാപ്പച്ചനെ ഇല്ലാതാക്കിയാൽ ചോദിക്കാൻ ആരും വരില്ലെന്നും തങ്ങളുടെ പ്രശ്നങ്ങൾ തീരുമെന്നും പ്രതികൾ കണക്കുകൂട്ടി. തുടർന്നാണ് കൊലപാതകം ആസൂത്രണം ചെയ്‌തത്. തുടർന്ന്‌ സി.സി പിടിത്തത്തിന് പോയിരുന്ന അനിമോന് ക്വട്ടേഷൻ നൽകി. പാപ്പച്ചന്റെ മകനായ തന്റെ സുഹൃത്താണ് ക്വട്ടേഷൻ നൽകിയതെന്ന് പ്രതികൾ ഇയാളെ വിശ്വസിപ്പിച്ചു. മേയ് 18ന് പാപ്പച്ചന്റെ മകനാണെന്ന് പറഞ്ഞ് യുവതി അനൂപിനെ പരിചയപ്പെടുത്തുകയും ചെയ്‌തു. രണ്ട് ലക്ഷം രൂപയ്ക്ക് ഇടപാട്, 50000 രൂപ അഡ്വാൻസ് നൽകി.

പാപ്പച്ചന്റെ ജീവിത രീതികൾ പ്രതികൾ മനസിലാക്കി. പതിവായി ആശ്രാമം മൈതാനത്തിലൂടെ സൈക്കിളിൽ സഞ്ചരിക്കാറുണ്ടെന്ന് കണ്ടെത്തി. ഈ സമയത്ത് കൃത്യം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. ഓട്ടോയിടിച്ച് കൊല്ലാനായിരുന്നു പദ്ധതി. കൃത്യം നടത്താൻ അനിമോൻ ഓട്ടോ ഡ്രൈവർ മാഹീന്റെ സഹായം തേടി.

ആശ്രാമം മൈതാനത്ത് അനിമോനും മാഹീനും ഓട്ടോറിക്ഷയിൽ 20 മുതൽ 22 വരെ കാത്തുകിടന്നെങ്കിലും പാപ്പച്ചൻ എത്തിയില്ല. തുടർന്നാണ് കാറ് കൊണ്ട് ഇടിച്ച് കൊല്ലാമെന്ന് പദ്ധതിയിട്ടത്. പണം ആവശ്യപ്പെട്ട് പാപ്പച്ചൻ സരിതയെയും അനൂപിനെയും നിരന്തരം വിളിക്കുന്നുണ്ടായിരുന്നു. ഒടുവിൽ 23ന് പാപ്പച്ചനോട് ആശ്രാമത്തേക്ക് വരാൻ സരിത ആവശ്യപ്പെട്ടു . ഈ സമയം അനിമോൻ കാറിൽ റോഡിൽ കാത്തുകിടന്നു. കാറിന് സമീപം എത്തിയതോടെ അതിവേഗം മുന്നോട്ടെടുത്ത് ഇടിച്ചുവീഴ്‌ത്തി. കാറുമായി കടന്നുകളയുകയും ചെയ്‌തു. ഓട്ടോറിക്ഷയിൽ കാത്തിരുന്ന മാഹീൻ ആളുകളെ വിളിച്ചുകൂട്ടി പാപ്പച്ചനെ ആശുപത്രിയിലെത്തിച്ചു.സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്ന് രാത്രി പാപ്പച്ചൻ മരിച്ചു.


പ്രദേശത്തെ നൂറിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് കാറ് കണ്ടെത്തിയത്. നീല നിറത്തിലുള്ള കാറായിരുന്നു. വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ചായി അടുത്ത അന്വേഷണം. കാറിന്റെ അഞ്ചാമത്തെ ഉടമയായ അനിമോൻ റൗഡി ലിസ്റ്റിലുള്ളതിനാൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇതോടെയാണ് സത്യം വെളിച്ചത്തായത്. കേസ് നടത്താനെന്ന പേരിൽ അനിമോനും മാഹീനും ചേർന്ന് സരിതയിൽ നിന്ന് 16.5 ലക്ഷവും സംഭവം ക്വട്ടേഷനാണെന്ന് മനസിലാക്കിയ ഹാഷിഫ് മൂന്ന് ലക്ഷം രൂപയും സരിതയിൽ നിന്ന് വാങ്ങിയിരുന്നു.

Advertisement
Advertisement