മുക്കുപണ്ടം തട്ടിപ്പ്: പൊലീസ് അന്വേഷണം ഊർജിതമാക്കി

Saturday 10 August 2024 1:20 AM IST

ആറ്റിങ്ങൽ: സ്വകാര്യപണമിടപാട് സ്ഥാപനത്തിൽ നിന്നു മുക്കുപണ്ടം പണയംവച്ച് 1.20 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. പാറശാല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് മണമ്പൂർ തൊട്ടിക്കല്ല് സ്വദേശിനി റസീനാ ബീവിക്ക് സ്വർണാഭരണങ്ങൾ നൽകിയതെന്നാണ് വിവരം. കാഴ്ചയിൽ യഥാർത്ഥ സ്വർണമെന്ന് തോന്നിക്കുന്ന ആഭരണങ്ങളിൽ 916 ഹാൾമാർക്ക് മുദ്ര‌യുമുണ്ട്. ചെമ്പ്, വെള്ളി ആഭരണങ്ങളിൽ കട്ടിക്ക് സ്വർണം പൂശിയാണ് സംഘം തട്ടിപ്പ് നടത്തുന്നത്. പണയം വയ്ക്കുന്നതിന് പുറമേ മറ്റിടങ്ങളിൽ വില്പന നടത്തിയതായും പൊലീസിന് സൂചന ലഭിച്ചു. ആഭരണ നിർമ്മാണം, ഹാൾമാർക്ക് മുദ്രണം, വില്പന തുടങ്ങിയ നിരവധി കാര്യങ്ങൾ അന്വേഷണ പരിധിയിലുണ്ട്. കൂടുതൽ പേർ തട്ടിപ്പ് സംഘത്തിലുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. റസീനബീവിയുടെ താമസസ്ഥലത്തിന് ചുറ്റുമുള്ള ചിറയിൻകീഴ്, ആറ്റിങ്ങൽ, കല്ലമ്പലം, കടയ്ക്കാവൂർ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നിലവിൽ സമാനമായ മുപ്പതോളം കേസുകൾ നിലവിലുണ്ട്. ഇതിലും പാറശാല സംഘത്തിന് ബന്ധമുണ്ടോ എന്ന് അന്വേഷിക്കും.

പാറശാല കേന്ദ്രീകരിച്ച് നിർമ്മിക്കുന്ന മുക്കുപണ്ടങ്ങൾ പല കൈകൾ മറിഞ്ഞാണ് റസീനയുടെ പക്കൽ എത്തിയത്. പാറശാല അതിർത്തി പ്രദേശമായതിനാൽ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കേണ്ട നീക്കം നടക്കുന്നുണ്ട്. മുക്കുപണ്ട തട്ടിപ്പ് അന്വേഷിക്കാൻ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തേയും രൂപീകരിച്ചു.