ശബരിമല മേൽശാന്തി- അബ്രാഹ്മണർക്കും നിയമനം വേണമെന്ന ഹർജിയിൽ നോട്ടീസ്

Saturday 10 August 2024 4:23 AM IST

ന്യൂഡൽഹി: ശബരിമല, മാളികപ്പുറം മേൽശാന്തിമാരായി മലയാള ബ്രാഹ്മണരെ മാത്രമേ നിയമിക്കാൻ കഴിയുകയുള്ളുവെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് നിലപാടിനെതിരെ സമർപ്പിച്ച ഹർജിയിൽ നോട്ടീസ് അയക്കാൻ ഉത്തരവിട്ട് സുപ്രീം കോടതി. സംസ്ഥാന സർക്കാരും, തിരുവിതാംകൂർ ദേവസ്വം ബോർഡും, ദേവസ്വം കമ്മിഷണറും ഒക്ടോബർ 25നകം മറുപടി സമർപ്പിക്കണം.

ശബരിമല, മാളികപ്പുറം മേൽശാന്തിമാരായി അബ്രാഹ്മണർക്കും നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ശ്രീനാരായണഗുരു ദീപപ്രതിഷ്ഠ നടത്തിയ തൃശൂർ കാരമുക്ക് ചിദംബര ക്ഷേത്രത്തിലെ മേൽശാന്തി ടി.എൽ. സിജിത്ത്, സംസ്‌കൃതത്തിൽ ബിരുദമുള്ള പി.ആർ. വിജീഷ് തുടങ്ങിയവരാണ് ഹർജി നൽകിയത്. നേരത്തെ ഈ ആവശ്യം കേരള ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് ഹർജിക്കാ‌ർ, നിയമ സർവകലാശാല മുൻ വൈസ് ചാൻസലറും അഭിഭാഷകനുമായ ഡോ. ജി. മോഹൻ ഗോപാൽ മുഖേന സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

ഹൈക്കോടതിക്ക്

തെറ്റു പറ്റിയെന്ന്

ശബരിമലയിലെ മേൽശാന്തി തസ്‌തികയിലേക്കുള്ള ഹർജിക്കാരുടെ അപേക്ഷകൾ മലയാള ബ്രാഹ്മണരല്ലെന്ന കാരണം പറഞ്ഞ് തിരുവിതാംകൂർ ദേവസ്വം ബോർഡ് തള്ളിയിരുന്നു. തുടർന്ന് കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും ദേവസ്വം ബോ‌ർഡ് നിലപാടിനൊപ്പമാണ് കോടതി നിന്നത്. ശബരിമല മേൽശാന്തി നിയമനത്തിന് മലയാള ബ്രാഹ്മണരെ മാത്രം ക്ഷണിച്ചുകൊണ്ടുള്ള ബോർഡിന്റെ നിയമന വിജ്ഞാപനവും ശരി വച്ചു. ഇക്കാര്യത്തിൽ കേരള ഹൈക്കോടതിക്ക് തെറ്റ് പറ്റിയെന്നും, ബോർഡ് നിലപാട് ഭരണഘടനാവിരുദ്ധവും തൊട്ടുകൂടായ്‌മയുമാണെന്നും സുപ്രീംകോടതിയിലെ ഹർജിയിൽ വ്യക്തമാക്കി.