പാപ്പച്ചന്റെ കൊലപാതകം: ചുരുളഴിച്ചത് മകൾക്ക് ലഭിച്ച രഹസ്യവിവരം

Saturday 10 August 2024 1:33 AM IST

കൊല്ലം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ വനിതാ മാനേജരുടെ ക്വട്ടേഷനിൽ കൊല്ലപ്പെട്ട ബി.എസ്.എൻ.എൽ റിട്ട. ജനറൽ മാനേജർ സി.പാപ്പച്ചന്റെ (82) മരണത്തിന്റെ ചുരുളഴിച്ചത് മകൾ റേച്ചലിന് ലഭിച്ച രഹസ്യവിവരം. പ്രതി സരിത മാനേജരായ സ്ഥാപനത്തിന്റെ ശാഖയിൽ പാപ്പച്ചന് 26 ലക്ഷം രൂപയോളം ലോണുള്ളതായി മറ്റൊരു ബ്രാഞ്ചിലെ ജീവനക്കാരി റേച്ചലിനോട് പറയുകയായിരുന്നു.

ഒരു ലക്ഷം രൂപയോളം പ്രതിമാസം പെൻഷനും വിരമിച്ചപ്പോൾ കിട്ടിയ വൻതുകയും ഉള്ളപ്പോൾ, പപ്പ വായ്പ എടുക്കില്ലെന്ന് റേച്ചലിന് ഉറപ്പായിരുന്നു. സരിത മാനേജരായ കൊല്ലം നഗരത്തിലെ ബ്രാഞ്ചിലെത്തി അന്വേഷിച്ചപ്പോൾ വായ്‌പയുണ്ടെന്ന് ബോദ്ധ്യമായി. വിവരം കൈമാറിയ ജീവനക്കാരിയെ വീണ്ടും ബന്ധപ്പെട്ടു.

സരിതയും ബാങ്കിലെ എക്സിക്യുട്ടീവായ അനൂപും ചേർന്ന് പണം തട്ടിയത് അടക്കമുള്ള കാര്യങ്ങൾ പാപ്പച്ചൻ ഈ ജീവനക്കാരിയോട് വെളിപ്പെടുത്തിയിരുന്നു. പണം നഷ്ടമായതിലെ സങ്കടം ഇടയ്ക്കിടെ തന്റെ അടുത്തെത്തി പറയുമായിരുന്നുവെന്ന് ജീവനക്കാരി പറഞ്ഞു. ഇതോടെയാണ് റേച്ചൽ പാപ്പച്ചന്റെ മരണത്തിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് കമ്മിഷണർക്ക് പരാതി നൽകിയത്.

പാപ്പച്ചന്റെ നിക്ഷേപങ്ങളുടെ കൃത്യമായ കണക്ക് കുടുംബാംഗങ്ങൾക്ക് അറിയില്ല. കൊല്ലം ശങ്കേഴ്സിനടുത്തുള്ള വീട്ടിൽ സൂക്ഷിച്ചിരുന്ന ബാങ്ക് രേഖകളെല്ലാം കുടുംബം പൊലീസിന് കൈമാറി.

കൊല്ലപ്പെട്ടതിന്റെ തലേന്ന് 14 ലക്ഷം

പിൻവലിച്ചതിലും ദുരൂഹത

പാപ്പച്ചൻ കൊല്ലപ്പെട്ടതിന്റെ തലേന്നാൾ കൊല്ലം നഗരത്തിലെ മറ്റൊരു സ്വകാര്യ ബാങ്കിന്റെ ബ്രാഞ്ചിൽ നിന്ന് 14 ലക്ഷം രൂപ പണമായി പിൻവലിച്ചതിൽ ദുരൂഹതയുണ്ടെന്ന് മകൾ റേച്ചൽ പറഞ്ഞു. വലിയ തുകകളുടെ ഇടപാടുകളെല്ലാം ചെക്ക് വഴിയോ അക്കൗണ്ട് ട്രാൻസ്‌ഫറായോ മാത്രമേ പാപ്പച്ചൻ നടത്താറുള്ളു. ചെലവിന് ആവശ്യമായ ചെറിയ തുക മാത്രമേ പണമായി പിൻവലിക്കാറുള്ളു. കൂടുതൽ പേർ പാപ്പച്ചനിൽ നിന്ന് പണം തട്ടിയതായി റേച്ചലിന് സംശയമുണ്ട്.

Advertisement
Advertisement