മദ്യനയക്കേസുകളിൽ സുപ്രീംകോടതി ജാമ്യം, 17 മാസം തടവിന് ശേഷം സിസോദിയ മോചിതൻ

Saturday 10 August 2024 1:08 AM IST

ന്യൂഡൽഹി : മദ്യനയക്കേസിൽ ഇ.ഡിയും സി.ബി.ഐയും അറസ്റ്റു ചെയ്‌ത ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ‌്ക്ക് രണ്ട് കേസുകളിലും സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഇതോടെ തീഹാർ ജയിലിൽ17 മാസത്തെ തടവിന് ശേഷം ഇന്നലെ വൈകിട്ട് 06.45ന് മോചിതനായി. ആംആദ്മി പ്രവർത്തകർ ജയിലിന് പുറത്ത് വൻസ്വീകരണം നൽകി.

2023 ഫെബ്രുവരി 26ന് സി.ബി.ഐയും മാർച്ച് 9ന് ഇ.ഡിയും സിസോദിയയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വിചാരണ ആരംഭിക്കാതെ അനന്തമായി നീളുന്ന സാഹചര്യത്തിലാണ് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് ജാമ്യം നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസും സെക്രട്ടേറിയറ്റും സന്ദർശിക്കുന്നതിൽ നിന്ന് സിസോദിയയെ വിലക്കണമെന്ന ആവശ്യം തള്ളി.

അവകാശ നിഷേധം

അതിവേഗ വിചാരണയ്‌ക്കുള്ള പ്രതിയുടെ അവകാശം നിഷേധിക്കപ്പെട്ടെന്ന് കോടതി നിരീക്ഷിച്ചു. ഉടനെങ്ങും വിചാരണ പൂർത്തിയാകുമെന്ന വിദൂരസാദ്ധ്യത പോലുമില്ല. 495ൽപ്പരം സാക്ഷികളെ വിസ്‌തരിക്കാനുണ്ട്. ലക്ഷക്കണക്കിന് പേജുകളിലായി ആയിരത്തിൽപ്പരം രേഖകളുകളുണ്ട്. വിചാരണയില്ലാതെ അനന്തമായി ജയിലിലിടുന്നത് ഭരണഘടനയിലെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ നിഷേധമാണ്. വിചാരണ വേഗം നടത്തിയില്ലെങ്കിൽ, അന്വേഷണ ഏജൻസികൾക്ക് ജാമ്യത്തെ എതിർക്കാനാകില്ല. സിസോദിയ വിചാരണക്കോടതിയെയാണ് സമീപിക്കേണ്ടതെന്ന ഏജൻസികളുടെ വാദവും തള്ളി. വിചാരണക്കോടതി, ഹൈക്കോടതി എന്നിങ്ങനെ സിസോദിയെ ഓടിക്കുന്നത് ഏണിയും പാമ്പും കളിയാണ്. അത് അനുവദിക്കാനാകില്ല.

 ആഴത്തിൽ വേരുകളുള്ള വ്യക്തി

സമൂഹത്തിൽ ആഴത്തിൽ വേരുകളുള്ള വ്യക്തിയാണ് സിസോദിയ. അതിനാൽ വിദേശത്തേക്ക് രക്ഷപ്പെടില്ല. തെളിവുകളായ രേഖകളെല്ലാം ഏജൻസികൾ ശേഖരിച്ചു കഴിഞ്ഞു. അവ തിരുത്താനും കഴിയില്ല.

ജാമ്യ വ്യവസ്ഥകൾ

10 ലക്ഷം രൂപയുടെ വ്യക്തിഗത ജാമ്യവും തുല്യതുകയ്‌ക്കുള്ള രണ്ട് ആൾജാമ്യവും. പാസ്‌പോ‌ർട്ടും വിചാരണക്കോടതിയിൽ കെട്ടിവയ്‌ക്കണം. എല്ലാ തിങ്കളും വ്യാഴവും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം.

 കീഴ്ക്കോടതികൾക്ക് വിമർശനം

ജാമ്യമാണ് നിയമം. ജയിൽ അനിവാര്യ സാഹചര്യത്തിൽ മാത്രമേ പാടുള്ളൂ. ആ തത്വം റൗസ് അവന്യൂ വിചാരണക്കോടതിയും, ഡൽഹി ഹൈക്കോടതിയും പാലിച്ചില്ല. കീഴ്ക്കോടതികൾ സുരക്ഷിതമായി കളിക്കുകയാണ്. വിചാരണയില്ലാതെ, ശിക്ഷയെന്ന മട്ടിൽ പ്രതികളെ ജയിലിലിടരുത്.

 വിതുമ്പി അതിഷി
വിദ്യാഭ്യാസ മന്ത്രി അതിഷി ഒരു ചടങ്ങിനിനിടെ ജാമ്യവിവരം അറിഞ്ഞ് വിതുമ്പി. സിസോദിയ വിദ്യാഭ്യാസ വിപ്ലവത്തിന്റെ പിതാവാണെന്നും സത്യവും, ഡൽഹിയിലെ കുട്ടികളും വിജയിച്ചെന്ന് പ്രതികരിച്ചു.

സത്യം മാത്രമാണ് വി‌ജയിക്കാൻ പോകുന്നത്

--മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ

കൂടുതൽ സന്തോഷിക്കേണ്ട. ജാമ്യത്തിനർത്ഥം കുറ്റമുക്തനായെന്ന് അല്ല.

-- ബി.ജെ.പി

Advertisement
Advertisement