സുപ്രീംകോടതിയിൽ ആമിർ ഖാൻ

Saturday 10 August 2024 1:09 AM IST

ന്യൂഡൽഹി : ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ക്ഷണപ്രകാരം ബോളിവുഡ് താരം ആമിർ ഖാൻ സുപ്രീംകോടതിയിലെത്തിയത് കൗതുകമായി. സുപ്രീംകോടതി ജഡ്‌ജിമാർക്കും കുടുംബങ്ങൾക്കും കാണാനായി ലാപത്താ ലേഡീസ് സിനിമയുടെ പ്രദർശനം ഇന്നലെ കോടതി ഓഡിറ്റോറിയത്തിൽ ഒരുക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് സിനിമയുടെ നിർമ്മാതാവ് കൂടിയായ താരമെത്തിയത്. കോടതിമുറിയിലേക്ക് ചീഫ് ജസ്റ്റിസ് ക്ഷണിച്ചു. ഒന്നാംനിരയിലെ ഇരിപ്പിടത്തിൽ ഇരുന്ന് കോടതിനടപടികൾ വീക്ഷിച്ചു. സംവിധായിക കിരൺ റാവുവും അണിയറ പ്രവർത്തകരും എത്തിയിരുന്നു.

കോടതിമുറിയിൽ തിക്കും തിരക്കുമുണ്ടാകാൻ ആഗ്രഹിക്കുന്നില്ലെങ്കിലും ആമിർ ഖാൻ ഇവിടെ എത്തിരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കോടതി താരനിബിഡമായെന്ന് അറ്റോ‌ർണി ജനറൽ ആർ. വെങ്കട്ടരമണി പ്രതികരിച്ചു. ലിംഗനീതി പ്രോത്സാഹിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് സ്ത്രീപക്ഷ സിനിമയായ ലാപത്താ ലേഡീസ് ജഡ്‌ജിമാർക്കും കുടുംബാംഗങ്ങൾക്കുമായി പ്രദർശിപ്പിക്കാൻ ചീഫ് ജസ്റ്റിസ് തീരുമാനിച്ചത്. സിനിമ കണ്ട ചന്ദ്രചൂഡിന്റെ ഭാര്യ കൽപന ദാസാണ് ആശയം മുന്നോട്ടുവച്ചത്.

Advertisement
Advertisement