കുടിയേ​റ്റ വിരുദ്ധ കലാപം: ജാഗ്രത തുടർന്ന് ബ്രിട്ടീഷ് പൊലീസ്

Saturday 10 August 2024 7:19 AM IST

ലണ്ടൻ: കുടിയേ​റ്റ വിരുദ്ധ കലാപം ശമിച്ചെങ്കിലും അതീവ ജാഗ്രത തുടരണമെന്ന നിർദ്ദേശവുമായി ബ്രിട്ടീഷ് പൊലീസ്. കഴിഞ്ഞ രണ്ട് രാത്രിയും കാര്യമായ അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. എന്നാൽ ഇന്നും നാളെയും അക്രമങ്ങളുണ്ടാകാനുള്ള സാദ്ധ്യത മുൻനിറുത്തി 6,000 പൊലീസുകാരെ വിവിധയിടങ്ങളിൽ വിന്യസിക്കും. കുടിയേ​റ്റക്കാർക്ക് പിന്തുണയുമായി ആയിരക്കണക്കിന് പേർ കഴിഞ്ഞ ദിവസങ്ങളിൽ തെരുവിലിറങ്ങിയതോടെയാണ് തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ അക്രമാസക്തമായ പ്രതിഷേധങ്ങൾ ദുർബലമായത്. ജൂലായ് 29ന് സൗത്ത് പോർട്ടിൽ മൂന്ന് കുട്ടികൾ കുത്തേറ്റ് മരിച്ചതിന് പിന്നാലെയാണ് യു.കെയിൽ സംഘർഷം ആരംഭിച്ചത്. കൊലപാതകി കുടിയേറ്റക്കാരനാണെന്ന വ്യാജ പ്രചാരണം കുടിയേറ്റ വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. ഓൺലൈനിലൂടെ വ്യാജ പ്രചാരണം നടത്തിയവർ അടക്കം 600ഓളം പേർ ഇതുവരെ അറസ്റ്റിലായി.