തായ്‌‌ലൻഡിൽ എത്തുന്ന വിദേശികൾക്ക് പേടിക്കാതെ കയറാം; ഹോട്ടലുകളിലും റിസോർട്ടുകളിലും നിയമവിധേയമാക്കുന്നു

Saturday 10 August 2024 11:43 AM IST

ബാങ്കോക്ക്: ടൂറിസം രംഗത്തെ വളർച്ച ലക്ഷ്യമിട്ട് ഒരുപാട് പദ്ധതികളാണ് താ‌യ്ലാ‌ൻഡ് വിദേശികൾക്കായി ഒരുക്കുന്നത്. രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വരുമാന സ്രോതസുകളിൽ ഒന്നാണ് ടൂറിസം. ഇപ്പോഴിതാ ടൂറിസം രംഗത്തെ വളർച്ച ലക്ഷ്യമിട്ട് കാസിനോകളെ നിയമപരമാക്കാൻ ഒരുങ്ങുകയാണ് തായ്ലൻഡ്. ഇതുമായി ബന്ധപ്പെട്ട് കൗൺസിൽ ഓഫ് സ്റ്റേറ്റ് ഒരു കരട് ബിൽ അവതരിപ്പിച്ചു. ഈ ബിൽ ഓഗസ്റ്റ് 18 വരെ പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ തേടും. വലിയ വിനോദ സമുച്ചയങ്ങളിലേക്ക് കാസിനോകളെ സംയോജിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണ് ബില്ല്.

യുഎഇയിലും കാസിനോകളെ നിയമവിധേയമാക്കാനുള്ള നീക്കങ്ങൾ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തായ്ലൻഡിന്റെ നീക്കം. ഇപ്പോഴത്തെ കരട് ബില്ലിന് ക്യാബിനെറ്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. പിന്നീട് പാർലമെന്റിൽ ചർച്ചയ്ക്കിടും. പിന്നീട് ആവശ്യമായ ഭേദഗതികൾ വരുത്തും. കരട് ബിൽ അനുസരിച്ച്, കാസിനോകൾ വിപുലമായ റിസോർട്ടുകളായി സംയോജിപ്പിക്കും. കാസിനോകൾ പ്രോജക്റ്റ് ഏരിയയുടെ അഞ്ച് ശതമാനത്തിൽ കൂടരുത്. ബാക്കി സ്ഥലങ്ങൾ ഹോട്ടലുകൾക്കും മറ്റ് സൗകര്യങ്ങൾക്കുമായി മാറ്റിവയ്ക്കാം.

സിംഗപ്പൂരിന് സമാനമായി തായ് പൗരന്മാർക്ക് കാസിനോകളിൽ പ്രവേശിക്കുന്നതിനുള്ള ഫീസിൽ ഇളവ് വരുത്തും. അവസാനമായി പുറത്തുവന്ന റിപ്പോർട്ട് പ്രകാരം 147 മില്യൺ സിംഗപ്പൂർ ഡോളറാണ് കാസിനോ ലെവിയായി പിരിച്ചെടുത്തത്. 30 വർഷത്തേക്കായിരിക്കും കാസിനോകൾക്ക് ലൈസൻസ് നൽകുക. പത്ത് വർഷം കൂടുമ്പോൾ ലൈസൻസ് പുതുക്കണം. കുറഞ്ഞത് 10 ദശലക്ഷം മൂലധനമുള്ള സ്വകാര്യ കമ്പനികൾക്ക് മാത്രമേ കാസിനോകൾ പ്രവർത്തിക്കാനുള്ള അനുമതി നൽകുകയുള്ളൂ.

അതേസമയം, ഇന്ത്യയും അടുത്തിടെ വിനോദ സഞ്ചാര മേഖലയുടെ വളർച്ചയ്ക്ക് വേണ്ടി നിരവധി നീക്കങ്ങൾ നടത്തിയിരുന്നു. ഈ ആഴ്ച ആദ്യം, ടൂറിസം, ബിസിനസ്സ്, കോൺഫറൻസുകൾ, മെഡിക്കൽ ആവശ്യങ്ങൾ എന്നിവയ്ക്കായി ജപ്പാൻ, ദക്ഷിണ കൊറിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവിടങ്ങളിലെ പൗരന്മാർക്ക് വിസഓൺഅറൈവൽ പ്രഖ്യാപിച്ചിരുന്നു. ബാംഗ്ലൂർ, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ എന്നീ ആറ് വിമാനത്താവളങ്ങളിൽ ഈ സൗകര്യം നിലവിൽ ലഭ്യമാണ്.

എന്നിരുന്നാലും, നേരത്തെ ഇ-വിസ അല്ലെങ്കിൽ ഇന്ത്യയിലേക്ക് ഒരു സാധാരണ വിസ നേടിയ ജപ്പാൻ, ദക്ഷിണ കൊറിയ, യുഎഇ പൗരന്മാർക്ക് മാത്രമേ ഓൺ അറൈവൽ വിസ ലഭിക്കാൻ അർഹതയുള്ളൂ. ഇത് 60 ദിവസത്തേക്ക് സാധുതയുള്ളതായിരിക്കും, ആ കാലയളവിൽ യാത്രക്കാർക്ക് രണ്ട് തവണ വരെ ഇന്ത്യ സന്ദർശിക്കാൻ കഴിയും.