പശു ഫാമിന്റെ ഇടയിൽ അബൂബക്കറിന്റെ സ്‌പെഷ്യൽ കച്ചവടം; തേടിവന്നിരുന്നത് നിരവധി പേർ

Saturday 10 August 2024 4:32 PM IST

നിലമ്പൂർ: പശു ഫാമിന്റെ മറവിൽ എംഡിഎംഎ മയക്കുമരുന്ന് വിൽപന നടത്തിയ യുവാവിനെ പൊലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടി. മലപ്പുറത്ത് നിലമ്പൂരിലാണ് സംഭവം. മമ്പാട് നടുവക്കാട് സ്വദേശി മധുരക്കറിയൻ അബൂബക്കറാണ് (37) പിടിയിലായത്. ഫാമിൽ നിർത്തിയിട്ടിരുന്ന പ്രതിയുടെ കാറിൽ നിന്ന് 3.5 ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു.

അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള പശു ഫാം കേന്ദ്രീകരിച്ച് ലഹരി വിൽപനയും ഉപയോഗവും നടക്കുന്നതായി മലപ്പുറം ഡിവെെഎസ്‌പി പി. കെ സന്തോഷിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് പശു ഫാമും പരിസരവും പൊലീസ് നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം നിലമ്പൂർ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂടാതെ പ്രദേശത്തെ ലഹരിക്കടത്ത് സംഘത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. പ്രതിക്ക് എംഡിഎംഎ ലഭിച്ചത് എവിടെ നിന്നാണെന്നും ആരൊക്കെയാണ് ഇടപാടുകാർ എന്നതടക്കം അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. നിരവധി പേർ പ്രതിയുടെ കെെയിൽ നിന്ന് എംഡിഎംഎ വാങ്ങിയിരുന്നുവെന്നാണ് സൂചന.

Advertisement
Advertisement