വേണ്ടിവന്നാല്‍ പ്രതികളെ തൂക്കിക്കൊല്ലും, കടുത്ത രോഷത്തില്‍ മമത ബാനര്‍ജി

Saturday 10 August 2024 8:24 PM IST
മമത ബാനര്‍ജി

കൊല്‍ക്കത്ത: 31കാരിയായ ട്രെയിനി ഡോക്ടറുടെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ആര്‍ജി കാര്‍ മെഡിക്കല്‍ക്കോളേജിലെ സംഭവത്തില്‍ കേസുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും വേണ്ടിവന്നാല്‍ പ്രതികളെ തൂക്കിലേറ്റുമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ യുവ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇരയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. സംഭവത്തെ നിര്‍ഭാഗ്യകരമെന്ന് വിളിച്ച മമത ബാനര്‍ജി, അറസ്റ്റിലായ പ്രതികള്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്നതായും അവകാശപ്പെട്ടു. ട്രെയിനി ഡോക്ടറുടെ കുടുംബവുമായി സംസാരിച്ചതായും കേസില്‍ ഉചിതമായ നടപടിയെടുക്കുമെന്ന് ഉറപ്പുനല്‍കിയതായും അവര്‍ പറഞ്ഞു. യുവതി ലൈഗിക പീഡനത്തിന് ഇരയായിരുന്നുവെന്നും ശരീരത്തിലും സ്വകാര്യ ഭാഗങ്ങളിലും മുറിവുണ്ടായിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കഴുത്തില്‍ ഒടിവും വായില്‍ നിന്നും കണ്ണുകളില്‍ നിന്നും രക്തസ്രാവവും ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുലര്‍ച്ചെ മൂന്നിനും ആറിനും ഇടയിലാണ് സംഭവം നടന്നതെന്ന് കൊല്‍ക്കത്ത പൊലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കൊല്‍ക്കത്ത പോലീസ് നരഹത്യ വകുപ്പിലെ അംഗങ്ങള്‍ ഉള്‍പ്പെടെ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിച്ചു. അറസ്റ്റിലായ പ്രതികള്‍ക്ക് ആശുപത്രിയിലെ വിവിധ വിഭാഗങ്ങളില്‍ സൗജന്യ പ്രവേശനം ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് പൊലീസ് ഇയാളെ പിടികൂടിയത്

പുലര്‍ച്ചെ രണ്ട് മണിക്ക് ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കൊപ്പം ഭക്ഷണം കഴിച്ചതിന് ശേഷം വിശ്രമിക്കാനായി പോയതായിരുന്നു ഡോക്ടര്‍. എന്നാല്‍ വിശ്രമിക്കാന്‍ പ്രത്യേക മുറിയില്ലാത്തതിനാലാണ് അവര്‍ സെമിനാര്‍ ഹാളിലേക്ക് പോയത്. രാവിലെ ആറ് മണിക്കാണ് മൃതദേഹം കണ്ടെത്തിയത്. അര്‍ദ്ധ നഗ്ന അവസ്ഥയിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ക്രൂരമായ ലൈംഗിക പീഡനത്തിന് ശേഷമാണ് ഡോക്ടര്‍ കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രതികളെ ഒരുകാരണവശാലും വെറുതെ വിടില്ലെന്ന് മമത ബാനര്‍ജി മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കി.