അദ്ധ്യാപകന്‍ പൂര്‍വവിദ്യാര്‍ത്ഥിനിയെ ചുംബിക്കുന്ന ചിത്രം പുറത്ത്, നഗ്നനായി നടത്തി ബന്ധുക്കള്‍; സമ്മതത്തോടെയെന്ന് പെണ്‍കുട്ടി

Saturday 10 August 2024 10:02 PM IST
പ്രതീകാത്മക ചിത്രം

ചെന്നൈ: പൂര്‍വവിദ്യാര്‍ത്ഥിനിയെ സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ ചുംബിക്കുന്ന ചിത്രങ്ങള്‍ പുറത്തായി. സമൂഹമാദ്ധ്യമങ്ങളില്‍ ചിത്രങ്ങള്‍ പ്രചരിച്ചതോടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അദ്ധ്യാപകനെ മര്‍ദ്ദിക്കുകയും നഗ്നനാക്കി നടത്തുകയും ചെയ്തു. തമിഴ്‌നാട്ടിലെ കടലൂരിലാണ് സംഭവം. കൃത്യം നടക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. എന്നാല്‍ തങ്ങളുടേത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ പ്രതികരണം.

കഴിഞ്ഞ വര്‍ഷം പെണ്‍കുട്ടി സ്‌കൂളില്‍ നിന്ന് പാസ്ഔട്ടായിരുന്നു. ഇരുവരും ഒന്നിച്ച് മുമ്പ് എടുത്ത ചിത്രമാണ് ഇപ്പോള്‍ പ്രചരിച്ചത്. കടലൂരിലെ തിരുപ്പത്തിരിപ്പുലിയൂരില്‍ സര്‍ക്കാര്‍ അദ്ധ്യാപകരുടെ ട്രസ്റ്റിന് കീഴിലുള്ള സ്വകാര്യ സ്‌കൂളിന്റെ പ്രഥമാദ്ധ്യാപകന്‍ എ. എഡില്‍ബെര്‍ട്ട് ഫെലിക്‌സ് ആരോഗ്യരാജാണ് നാട്ടുകാരുടെയും ബന്ധുക്കളുടേയും രോഷത്തിനിരയായത്. ചിത്രം വ്യാപകമായി പ്രചരിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളും അയല്‍വാസികളും ചേര്‍ന്ന് ഫെലിക്‌സിനെ ആക്രമിക്കുകയായിരുന്നു.

ഫെലിക്‌സിനെ പെണ്‍കുട്ടിയുടെ ഗ്രാമത്തിലൂടെ അടിവസ്ത്രംമാത്രം ധരിപ്പിച്ചും നടത്തിയിരുന്നു. വിരുദാചലം പൊലീസെത്തിയാണ് ഫെലിക്‌സിനെ രക്ഷപ്പെടുത്തിയത്. ഇരുവരും തമ്മിലുള്ള സ്വകാര്യ ചിത്രം എടുക്കുമ്പോള്‍ പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതോടെ അദ്ധ്യാപകനെതിരെ പോക്‌സോ ചുമത്തി. ഇതിന് പിന്നാലെയാണ് പരസ്പരസമ്മതത്തോടെയുള്ള ബന്ധമായിരുന്നുവെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.

പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞ് ഫെലിക്‌സിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ഭാര്യയും മക്കളുമുള്ള ഫെലിക്‌സാണ് ഈ പെണ്‍കുട്ടിയുടെ കോളേജ് ഫീസ് അടയ്ക്കുന്നത്. അതേസമയം, തന്നെ അക്രമിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമെതിരെ ഫെലിക്‌സ് പരാതി നല്‍കിയിട്ടില്ലാത്തതുകൊണ്ട് ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല.