കേരളത്തില്‍ നിന്ന് വെറും 35 കിലോമീറ്റര്‍ അകലെ, വരുന്നു ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം

Sunday 11 August 2024 12:04 AM IST
കോയമ്പത്തൂര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ രൂപരേഖ

പാലക്കാട്: തമിഴ്‌നാട്ടില്‍ പുതിയതായി പണികഴിപ്പിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയം മലയാളികള്‍ക്കും സന്തോഷം പകരും. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം നിര്‍മിക്കാനാണ് തമിഴ്‌നാട് സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നത്. അയല്‍സംസ്ഥാനത്തില്‍ പുതിയ സ്റ്റേഡിയം വരുന്നതിന് മലയാളികള്‍ക്ക് എന്താണ് നേട്ടമെന്ന് ചോദിച്ചാല്‍ കേരളത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് വെറും 35 കിലോമീറ്റര്‍ മാത്രം അകലെയാണ് കോയമ്പത്തൂരില്‍ പുതിയ സ്റ്റേഡിയം വരുന്നത്.

പുതിയ സ്റ്റേഡിയം സംബന്ധിച്ച പ്രഖ്യാപനം തമിഴ്നാട് വ്യവസായ മന്ത്രി ഡോ. ടി.ആര്‍.ബി രാജയാണ് നടത്തിയത്. കോയമ്പത്തൂരില്‍ പുതിയ സ്റ്റേഡിയം വരുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു. കോയമ്പത്തൂര്‍ നഗരത്തില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയുള്ള ഒന്‍ഡിപുഡൂര്‍ മേഖലയിലാണ് സ്റ്റേഡിയത്തിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. കേരള അതിര്‍ത്തിയില്‍ നിന്ന് 35 കിലോമീറ്റര്‍ മാത്രമാണ് ഇവിടേക്കുള്ള ദൂരം.

നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ സ്‌റ്റേഡിയം ഇന്ത്യയിലാണ്. 2020ല്‍ പുതുക്കിപ്പണിഞ്ഞ അഹമ്മദാബാദ് ക്രിക്കറ്റ് സ്റ്റേഡിയമാണ് നിലവില്‍ ലോകത്തിലെ ഏറ്റവും വലുത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലാണ് സ്റ്റേഡിയം അറിയപ്പെടുന്നത്. 2023ല്‍ ഇന്ത്യയില്‍ നടന്ന ലോകകപ്പ് ഫൈനലിന് ഉള്‍പ്പെടെ അഹമ്മദാബാദിലെ സ്റ്റേഡിയം വേദിയായി. 1.32 ലക്ഷം കാണികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയിലുള്ള സ്‌റ്റേഡിയം.

കൊച്ചി-സേലം എന്‍.എച്ച് 544നോട് ചേര്‍ന്നാണ് ഈ സ്ഥലം. തമിഴ്നാട് പ്രിസണ്‍സ് ഡിപ്പാര്‍ട്ട്മെന്റിന് കീഴില്‍ ഇവിടെ 200 ഏക്കറുണ്ട്. ഇതില്‍ 198 ഏക്കര്‍ ഏറ്റെടുത്താകും നിര്‍മാണം. ഫൈവ് സ്റ്റാര്‍ ഹോട്ടല്‍, റെസ്റ്റോറന്റ്, ബ്രോഡ്കാസ്റ്റിംഗ് സെന്റര്‍, ക്രിക്കറ്റ് മ്യൂസിയം എന്നിവയും നിര്‍മിക്കും. തമിഴ്നാട് സ്പോര്‍ട്സ് ഡെവലപ്മെന്റ് അതോറിറ്റിയാകും നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുക. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ അന്താരാഷ്ട്ര മല്‍സരങ്ങള്‍ക്കൊപ്പം ഐ.പി.എല്ലിനും പുതിയ സ്റ്റേഡിയം വേദിയാകും.

Advertisement
Advertisement