ആം ആദ്മി പാർട്ടി ആസ്ഥാനത്തെത്തി ഒറ്റക്കെട്ടായി നിന്നാൽ കേജ്‌രിവാൾ മോചിതനാകും: സിസോദിയ

Sunday 11 August 2024 12:44 AM IST

ന്യൂഡൽഹി: സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് ജയിൽമോചിതനായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്നലെ

ആം ആദ്മി പാർട്ടി ആസ്ഥാനത്തെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്‌തു. ഏകാധിപത്യത്തിനെതിരെ പൊരുതണമെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്‌തു. പ്രതിപക്ഷം ഒറ്റക്കെട്ടായി ഏകാധിപത്യത്തെ എതിർത്താൽ 24 മണിക്കൂറിനകം കേജ്‌രിവാൾ ജയിൽമോചിതനാകും. സമരം നടത്തിയ കായികതാരത്തിന് ഒളിമ്പിക്‌സിൽ എന്തു സംഭവിച്ചെന്ന് ജനങ്ങൾ കാണുന്നുണ്ടെന്നും വിനേഷ് ഫോഗട്ടിന്റെ പേരെടുത്തു പറയാതെ സിസോദിയ ചൂണ്ടിക്കാട്ടി. പാർട്ടി ആസ്ഥാനത്ത് വൻവരവേൽപ്പാണ് നേതാക്കളും പ്രവർ‌ത്തകരും ഒരുക്കിയത്. മദ്യനയവുമായി ബന്ധപ്പെട്ട ഇ.ഡി, സി.ബി.ഐ കേസുകളിൽ അറസ്റ്രിലായ സിസോദിയ 17 മാസത്തിന് ശേഷമാണ് പുറത്തിറങ്ങിയത്.

ഹരിയാനയിൽ പ്രചാരണത്തിന്
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിക്കുന്ന ഹരിയാനയിൽ സിസോദിയ പ്രചാരണത്തിനിറങ്ങും. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ തീഹാർ ജയിലിൽ തുടരുന്ന സാഹചര്യത്തിൽ സിസോദിയയുടെ വരവ് ആം ആദ്മി പാർട്ടിക്ക് വലിയ ഊർജ്ജമാണ് പകർന്നിരിക്കുന്നത്. ഇക്കൊല്ലം ഹരിയാനയിലും അടുത്തവർഷം ആദ്യം ഡൽഹിയിലും തിരഞ്ഞെടുപ്പാണ്. ഹരിയാനയിൽ എല്ലാ സീറ്രിലും ഒറ്റയ്‌ക്ക് മത്സരിക്കാനാണ് ആം ആദ്മി തീരുമാനം. പാർട്ടിയിലെ രണ്ടാമനായ സിസോദിയ മുന്നിൽ നിന്ന് നയിക്കുന്നത് പ്രവർത്തകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. 

ക്യാബിനറ്റ് പ്രവേശനം വൈകും

ജയിലിലായതോടെ ഡൽഹി ഉപമുഖ്യമന്ത്രി സ്ഥാനം സിസോദിയ രാജിവച്ചിരുന്നു. തിരികെ ക്യാബിനറ്റിലെത്തണമെങ്കിൽ മുഖ്യമന്ത്രിയെന്ന നിലയിൽ കേജ്‌രിവാൾ നടപടിയെടുക്കണം. മന്ത്രിസ്ഥാനത്തേക്ക് നിർദ്ദേശിച്ച് ലെഫ്‌റ്റനന്റ് ഗവർണർക്ക് ഫയൽ അയക്കണം. എന്നാൽ,​ ഇപ്പോഴത്തെ സാഹചര്യത്തിൽ കേജ്‌രിവാളിന് ജയിലിൽ കിടന്ന് നടപടിയെടുക്കാൻ സാധിക്കില്ല. പുറത്തിറങ്ങിയാൽ മാത്രമേ കഴിയുകയുള്ളുവെന്നാണ് സൂചന.

"ആദ്യ പ്രഭാതത്തിലെ ചായ"

വെള്ളിയാഴ്ച വൈകിട്ട് ജയിൽമോചിതനായ സിസോദിയ ഇന്നലെ രാവിലെ ഭാര്യയുമൊത്തുള്ള ചായ സെൽഫി എക്‌സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്‌തു. '17 മാസത്തിനു ശേഷം ലഭിച്ച സ്വാതന്ത്ര്യത്തിന്റെ ആദ്യ പ്രഭാതത്തിലെ ചായ' എന്നായിരുന്നു കുറിപ്പ്. കൊണാട്ട് പ്ലേസിലെ ഹനുമാൻ ക്ഷേത്രവും രാജ്ഘട്ടും അദ്ദേഹം സന്ദർശിച്ചു.

Advertisement
Advertisement