ദുരഭിമാനക്കൊലയെ ന്യായീകരിച്ച് നടൻ രഞ്ജിത്തിനെതിരെ പ്രതിഷേധം

Sunday 11 August 2024 12:45 AM IST

ചെന്നൈ: ദുരഭിമാനക്കൊലയെ ന്യായീകരിച്ച് സംസാരിച്ച തമിഴ് നടനും സംവിധായകനുമായ രഞ്ജിത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.

ജാതീയ ദുരഭിമാനക്കൊല അക്രമമല്ലെന്നും കുട്ടികളോടുള്ള മാതാപിതാക്കളുടെ കരുതലാണെന്നുമായിരുന്നു പ്രസ്താവന.

'കവുംണ്ടംപാളയം" എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു രഞ്ജിത്ത്. ' ദുരഭിമാനക്കൊല അക്രമമല്ല. കുട്ടികളോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള വഴിയാണ്. മക്കൾ പോകുന്നതിന്റെ വേദന മാതാപിതാക്കൾക്കു മാത്രമേ അറിയൂ. ഒരു ബൈക്ക് മോഷണം പോയാൽ എന്താണ് സംഭവിച്ചതെന്ന് നമ്മൾ അന്വേഷിക്കില്ലേ? കുട്ടികൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവയ്ക്കുന്ന മാതാപിതാക്കൾ ദേഷ്യം പ്രകടിപ്പിക്കും. അത് അക്രമമല്ല. അവരോടുള്ള കരുതൽ മാത്രമാണ് " - രഞ്ജിത്ത് ന്യായീകരിച്ചു. പ്രസ്താവന വിവാദമായതോടെ വിവിധ സംഘടനകളും ആളുകളും പ്രതിഷേധവുമായി രംഗത്തെത്തി. രാജ്യത്ത് പ്രത്യേകിച്ച് തമിഴ്നാട്ടിൽ ദുരഭിമാനക്കൊലപാതകങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ എങ്ങനെ ഇത്തരം പ്രതികരണം നടത്താൻ സാധിക്കുന്നുവെന്ന് ചോദ്യം ഉയർന്നു. സമൂഹ മാദ്ധ്യമങ്ങളിലുൾപ്പെടെ പ്രതിഷേധം ശക്തമായി. നേരത്തേയും രഞ്ജിത്തിന്റെ പ്രസ്താവനകൾ വിവാദമായിട്ടുണ്ട്. സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള പരാമർശം വൻ വിവാദമായിരുന്നു. ജാതി അധിഷ്ഠിത അക്രമം, കുട്ടികളുടെ മേലുള്ള മാതാപിതാക്കളുടെ നിയന്ത്രണം തുടങ്ങിയ വിഷയങ്ങൾ ചർച്ചയാകുന്ന സിനിമയാണ് 'കവുംണ്ടംപാളയം".

രാജമാണിക്യം, ചന്ദ്രോത്സവം തുടങ്ങിയ സിനിമകളിലെ വില്ലൻ വേഷങ്ങളിലൂടെ മലയാളത്തിലും ശ്രദ്ധേയനാണ് രഞ്ജിത്ത്.

Advertisement
Advertisement