'എനിക്കൊരു രണ്ട് വർഷം മാത്രം തരൂ'; വിവാഹാഭ്യർത്ഥനയുമായി ആരാധകൻ, ഞെട്ടിച്ച് നടിയുടെ പ്രതികരണം

Sunday 11 August 2024 11:15 AM IST

നടൻ നാഗചൈതന്യയുടെയും നടി ശോഭിത ധൂലിപാലയുടെയും വിവാഹനിശ്ചയം കഴിഞ്ഞദിവസം നടന്നിരുന്നു. ഇതിനിടെ ഏറെ ചർച്ച ചെയ്യപ്പെട്ട പേര് നാഗചൈതന്യയുടെ മുൻഭാര്യയും നടിയുമായ സാമന്തയുടെതാണ്. നിരവധിപ്പേർ നാഗചൈതന്യയെ വിമർശിക്കുകയും സാമന്തയെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ സാമന്തയോട് ഒരു ആരാധകൻ വിവാഹാഭ്യർത്ഥന നടത്തുന്നതും അതിന് താരം മറുപടി നൽകിയതുമാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

'സാമന്ത വിഷമിക്കേണ്ട, ഞാൻ എപ്പോഴും കൂടെയുണ്ടാകുമെന്ന് അവരോട് പറയാനുള്ള യാത്രയിൽ' എന്ന കുറിപ്പോടെ തുടങ്ങുന്ന വീഡിയോ ആണ് മുകേഷ് ചിന്ത എന്ന ആരാധകൻ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ബാഗ് പാക്ക് ചെയ്ത് വിമാനത്തിൽ കയറി സാമന്തയുടെ വീട്ടിലെത്തി വിവാഹാഭ്യർത്ഥന നടത്തുന്നതിന്റെ വീഡിയോ ഗ്രാഫിക്‌സിന്റെ സഹായത്തോടെയാണ് നിർമിച്ചിരിക്കുന്നത്.

'നോക്കൂ, ഞാൻ എപ്പോഴും കൂടെയുണ്ടാകും. നമ്മൾ രണ്ടുപേരും നല്ല ജോഡിയായിരിക്കും. നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ഞാൻ വിവാഹത്തിന് തയ്യാറാണ്. എനിക്ക് വെറും രണ്ട് വർഷം തരൂ, ഞാൻ സാമ്പത്തിക ഭദ്രത കൈവരിച്ചിട്ട് തിരികെ നിങ്ങളുടെ അടുത്തേയ്ക്ക് തന്നെ വരാം. ഈ ഹൃദയം എന്റെ വാഗ്ദാനമായി സ്വീകരിക്കൂ, ദയവായി എന്നെ വിവാഹം ചെയ്യൂ'- എന്നാണ് വീഡിയോയിൽ പറയുന്നത്. രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. വീഡിയോയ്ക്ക് ഇതുവരെ നാല് ലക്ഷത്തിലധികം ലൈക്കുകളും രണ്ടായിരത്തിലധികം കമന്റുകളുമാണ് ലഭിച്ചത്. വീഡിയോ ഹിറ്റായതിന് പിന്നാലെ പ്രതികരണവുമായി സാമന്ത തന്നെ രംഗത്തെത്തിയിരിക്കുകയാണിപ്പോൾ. 'പുറകിലെ ജിം എന്നെ ഏകദേശം അനുനയിപ്പിച്ചു' എന്നാണ് താരം കമന്റ് ചെയ്തിരിക്കുന്നത്. നടിയുടെ കമന്റിനും ഒരു ലക്ഷത്തിലധികം ലൈക്ക് ലഭിച്ചിട്ടുണ്ട്.