സ്ഥിരമായി കറങ്ങിനടക്കുന്നത് കണ്ടപ്പോള്‍ പ്രശ്‌നം തോന്നി, ഒടുവില്‍ സംശയിച്ചത് ശരിയായി

Sunday 11 August 2024 9:38 PM IST
എക്‌സൈസ് സംഘം പിടികൂടിയ പ്രതി സുശാന്ത് കുമാര്‍ സ്വയിന്‍

കോഴിക്കോട്: നഗരപ്രദേശങ്ങളില്‍ കറങ്ങിനടന്ന് കഞ്ചാവ് വില്‍പ്പന നടത്തുന്ന അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. നാട്ടില്‍ പോയി മടങ്ങിയെത്തിയാല്‍ പിന്നെ നഗരത്തില്‍ കറങ്ങിനടന്ന് ലഹരി വില്‍പ്പന നടത്തുന്നതാണ് ഒഡീഷ സ്വദേശി സുശാന്ത് കുമാര്‍ സ്വയിന്‍ (35) പതിവാക്കിയിട്ടുള്ളത്. ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു എക്‌സൈസ് സംഘം. നഗരത്തില്‍ മാങ്കാവ് മേഖല കേന്ദ്രീകരിച്ചാണ് ഇയാളുടെ കച്ചവടം. 800 ഗ്രാം കഞ്ചാവ് സഹിതമാണ് ഫറോക്ക് എക്‌സൈസ് സംഘം ഇയാളെ പിടികൂടിയത്.

കോഴിക്കോട് എക്സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി വലയിലായത്. കോടതിയില്‍ ഹാജരാക്കിയ സുശാന്ത് കുമാറിനെ റിമാന്‍ഡ് ചെയ്തു.നാട്ടില്‍ നിന്ന് തിരികേ വരുമ്പോള്‍ കഞ്ചാവും കൊണ്ടുവരുന്നതാണ് ഇയാളുടെ രീതി. മാങ്കാവിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഫറോക്ക് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി കെ നിഷില്‍ കുമാര്‍, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ മില്‍ട്ടണ്‍, പ്രിവന്റീവ് ഓഫീസര്‍മാരായ രഞ്ജന്‍ ദാസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് സുശാന്തിനെ പിടികൂടിയത്. ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പരിശോധന ശക്തമാക്കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം നഗരത്തില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പരിശോധന ശക്തമാക്കുകയാണ് പൊലീസും എക്‌സൈസ് സംഘവും.

കേരളത്തിലെ മിക്ക നഗരങ്ങളിലും അന്യസംസ്ഥാന തൊഴിലാളികള്‍ ലഹരി ഇടപാട് കേസില്‍ വ്യാപകമായി അറസ്റ്റിലാകുന്നുണ്ട്. അടുത്തിടെയായി ഇത്തരത്തില്‍ നിരവധി കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. എറണാകുളത്ത് ആലുവ, പെരുമ്പാവൂര്‍ മേഖലയില്‍ നിന്നും നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ പ്രതികളെ കൃത്യമായി പിടികൂടാന്‍ കഴിയുന്നത് പൊലീസിനും എക്‌സൈസിനും ആശ്വാസമാണ്.