ആലപ്പുഴയിലെ നവജാത ശിശുവിന്റെ മരണം, കുഴിച്ചിട്ടത് പെൺകുഞ്ഞിനെ, കൈമാറിയത് മരണശേഷമെന്ന് മൊഴി

Monday 12 August 2024 8:31 AM IST

ആലപ്പുഴ: തകഴിയിൽ ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കുഴിച്ചിട്ട സംഭവത്തിൽ യുവതിയുടെ കാമുകനും സുഹൃത്തും അറസ്‌റ്റിലായതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മരിച്ചശേഷമാണ് കുഞ്ഞിനെ യുവതി കാമുകന് കൈമാറിയത് എന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. ഈ മാസം ഏഴിന് പുലർച്ചെ 1.30നാണ് പെൺകു‌ഞ്ഞിന് യുവതി ജന്മം നൽകിയത്. ഇവരുടെ പൂച്ചാക്കലിലെ വീട്ടിൽ വച്ചായിരുന്നു പ്രസവം. ശേഷം തോമസ് ജോസഫിനെ വിളിച്ചുവരുത്തിയ യുവതി കുഞ്ഞിനെ കൈമാറി.

ഓഗസ്‌റ്റ് 8ന് ഉച്ചകഴിഞ്ഞ് തോമസ് ജോസഫ് സുഹൃത്ത് അശോക് ജോസഫുമായി യുവതിയുടെ വീട്ടിലെത്തിയാണ് കുഞ്ഞിനെ വാങ്ങിയത്. തുണിയിൽ പൊതിഞ്ഞ് പ്ലാസ്റ്റിക് കവറിലാക്കി കുഞ്ഞിനെ യുവതി ഇവർക്ക് കൈമാറി. അപ്പോൾ കുഞ്ഞിന് അനക്കമില്ലായിരുന്നുവെന്നാണ് തോമസിന്റെ മൊഴി. കുഞ്ഞുമായി ബൈക്കിൽ രാത്രി കുന്നുമ്മയിലെ അശോക് ജോസഫിന്റെ വീടിന് സമീപമെത്തിയ ഇരുവരും ചേർന്ന് രാത്രിയിൽ തന്നെ വീടിന് ഒന്നര കിലോമീറ്റർ അകലെയുള്ള പാടത്തിന് നടുവിലെ ബണ്ടിൽ മൃതദേഹം മറവുചെയ്യുകയായിരുന്നു.

രക്ത സ്രാവത്തെ തുടർന്ന് തലകറങ്ങിവീണ യുവതിയെ വീട്ടുകാർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിലെത്തിച്ചു.ചികിത്സയിലുള്ള യുവതി ഇപ്പോൾ പൊലീസ് കസ്‌റ്റഡിയിലാണ്. ഫോറൻസിക് സയൻസ് പഠിച്ച് ഇന്റേൺഷിപ്പ് ചെയ്യുന്ന യുവതി ഇൻസ്റ്റഗ്രാം വഴിയാണ് ഹോട്ടൽ മാനേജ്‌മെന്റ് പൂർത്തിയാക്കിയ തോമസുമായി പരിചയത്തിലായത്. വർഷങ്ങളായി സൗഹൃദത്തിലായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടത്താനിരിക്കെ യുവതി ഗർഭിണിയായി. വിവരം പക്ഷെ ഇരുവരും വീട്ടുകാരിൽ നിന്ന് മറച്ചുവച്ചു.

ജുവനൈൽ ജസ്റ്റിസ് ആക്ട് 75, ഭാരതീയ ന്യായ സംഹിത 93, 3(5) പ്രകാരമാണ് സംഭവത്തിൽ പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. ഒരു ദിവസം മാത്രം പ്രായമുള്ള ശിശുവിനെ കൊലപ്പെടുത്തി മറവ് ചെയ്തതാകാമെന്ന് പൊലീസ് സംശയിക്കുന്നെങ്കിലും ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്ന് ജില്ലാപൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു.

തകഴി വണ്ടേപ്പുറം പാടശേഖരത്തിന്റെ ബണ്ടിൽ കുഴിച്ചുമൂടിയ മൃതദേഹം തോമസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പുറത്തെടുത്തത്. ഇൻക്വസ്റ്റ് പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.