മാധബി പുരി ബുച്ചിന്റെ വിശദീകരണം ആരോപണം ശരിവയ്‌ക്കുന്നത്; വീണ്ടും വെല്ലുവിളിച്ച് ഹിൻഡൻബർഗ്

Monday 12 August 2024 9:46 AM IST

ന്യൂഡൽഹി: അദാനി ഗൂപ്പിന്റെ വിവാദ വിദേശ നിക്ഷേപങ്ങളിൽ പങ്കാളിത്തമുണ്ടെന്ന റിപ്പോർട്ട് സെബി മേധാവി മാധബി പുരി ബുച്ചും ഭർത്താവ് ധവൽ ബുച്ചും തള്ളിയതിന് പിന്നാലെ വെല്ലുവിളിയുമായി ഹിൻഡൻബർഗ്. മാധബി പുരി ബുച്ചിന്റെ വിശദീകരണം ആരോപണം ശരിവയ്ക്കുന്നതാണെന്ന് പ്രതികരിച്ച ഹിൻഡൻബർഗ് ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള നിക്ഷേപ വിവരങ്ങൾ പുറത്തുവിടുമോയെന്ന് ചോദിക്കുകയും ചെയ്‌തു.

ബെർമുഡ, മൗറീഷ്യസ് രാജ്യങ്ങളിലെ അദാനി ഗ്രൂപ്പിന്റെ കടലാസ് കമ്പനികളിൽ സെബി മേധാവിക്കും ഭർത്താവിനും നിക്ഷേപമുണ്ടെന്നായിരുന്നു ഹിൻഡൻബർഗിന്റെ വെളിപ്പെടുത്തൽ. 2015ൽ ഇവർ 83കോടി രൂപ നിക്ഷേപിച്ചെന്നും 18മാസം മുൻപ് വന്ന ആദ്യ റിപ്പോർട്ടിൽ നടപടിയെടുക്കാൻ സെബി മടിച്ചത് ഇതുകൊണ്ടാണെന്നും ആരോപിക്കുന്നു.

എന്നാൽ റിപ്പോർട്ടിലെ ആരോപണങ്ങൾ നിഷേധിക്കുന്നുവെന്ന് പറഞ്ഞ മാധബി ബുച്ചും ഭർത്താവും നടക്കുന്നത് സ്വഭാവഹത്യയാണെന്നും ആരോപിച്ചിരുന്നു. റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ നിക്ഷേപം താൻ സെബിയിൽ വരുന്നതിന് മുൻപ് സിംഗപ്പൂരിൽ ജോലി ചെയ്‌ത സമയത്തേതാണെന്നും അനിൽ അഹൂജ വഴി നടത്തിയതാണെന്നും അദാനി ഫണ്ടുമായി ബന്ധമില്ലെന്നും മാധബി വിശദീകരിച്ചിരുന്നു.

ബെർമുഡ/മൗറീഷ്യസ് ഫണ്ട് നിക്ഷേപിച്ചതായി അവർ സ്ഥിരീകരിക്കുകയാണെന്ന് ഹിൻഡൻബെർഗ് ആരോപിച്ചു . 'അദാനി വിഷയവുമായി ബന്ധപ്പെട്ട നിക്ഷേപ ഫണ്ടുകൾ അന്വേഷിക്കാൻ സെബിയെ ചുമതലപ്പെടുത്തി, അതിൽ ബുച്ചിന്റെ വ്യക്തിപരമായ ഫണ്ടുകളും ഉൾപ്പെടുന്നു. ഞങ്ങളുടെ റിപ്പോർട്ടിൽ എടുത്തുകാണിച്ച അതേ സ്‌പോൺസറുടെ നിക്ഷേപവും ഫണ്ടുകളുമാണ്'-ഹിൻഡൻബെർഗ് വ്യക്തമാക്കി.

സെബി മേധാവിയായി സേവനമനുഷ്ഠിക്കുമ്പോൾ ബുച്ച് സജീവമായ കൺസൾട്ടിംഗ് സ്ഥാപനങ്ങളെ പരിപാലിക്കുന്നുണ്ടെന്നും ഹിൻഡൻബെർഗ് ആരോപിച്ചു. സിംഗപ്പൂരിൽ സ്ഥാപിച്ച ബുച്ചിന്റെ കൺസൾട്ടിംഗ് കമ്പനികളുടെ സുതാര്യതയെ അവർ ചോദ്യം ചെയ്തു. കമ്പനികളിലൊന്നായ അഗോറ അഡ്വൈസറി ലിമിറ്റഡ് (ഇന്ത്യ) ഇപ്പോഴും 99 ശതമാനം ബുച്ചിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും അവർ അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് മേൽനോട്ടം വഹിക്കുമ്പോൾ വരുമാനം ഉണ്ടാക്കുന്നുണ്ടെന്നും ഹിൻഡൻബെർഗ് ആരോപിക്കുന്നു.