'നാടൻ മയിൽക്കറി'യുമായി യൂട്യൂബർ; വീഡിയോ പ്രചരിച്ചതിന് പിന്നാലെ അറസ്റ്റ്

Monday 12 August 2024 10:16 AM IST

ഹെെദരാബാദ്: ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിലിനെ കറിവച്ച യൂട്യൂബർ അറസ്റ്റിൽ. തെലങ്കാനയിലെ സിർസില്ല ജില്ലയിലെ പ്രണയ് കുമാറിനെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. 'നാടൻ മയിൽക്കറി ഉണ്ടാക്കുന്ന വിധം' എന്ന അടിക്കുറിപ്പോടെ ഇയാൾ പങ്കുവച്ച വീഡിയോ വലിയ രീതിയിൽ പ്രചരിക്കുകയും വിമർശം നേരിടുകയും ചെയ്തിരുന്നു. പിന്നാലെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ യൂട്യൂബ് ചാനലിൽ നിന്ന് വീഡിയോ നീക്കം ചെയ്തു.

വനംവകുപ്പ് സംഘവും ഫോറൻസിക് വിഭാഗവും മയിൽക്കറി പാകം ചെയ്ത സ്ഥലം സന്ദർശിച്ച് സാമ്പിളുകൾ ശേഖരിച്ചു. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇത്തരം വീഡിയോകൾ സംരക്ഷിത വന്യജീവികളെ കൊല്ലുന്നതിനെ പ്രാേത്സാഹിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് അധികൃതർ ആരോപിക്കുന്നു.

പ്രണയ് കുമാറിനെതിരെ കേസെടുത്തതായി സിർസില്ല എസ്‌പി അഖിൽ മഹാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതി കറിവച്ചത് മയിലിന്റെ ഇറച്ചിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് ഷെഡ്യൂൾ ഒന്ന് വിഭാഗത്തിലുൾപ്പെട്ട ജീവിയാണ് മയിൽ. മയിലിനെ കൊല്ലുന്നത് കുറഞ്ഞത് മൂന്നുവർഷം മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.

Advertisement
Advertisement