'ജോലി തിരികെ വേണം, ജനങ്ങളുടെ നോട്ടപ്പുള്ളികളായി'; കരഞ്ഞഭ്യർത്ഥിച്ച് ബംഗ്ളാദേശിലെ പൊലീസുകാർ

Monday 12 August 2024 11:13 AM IST

ധാക്ക: രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്ന ബംഗ്ളാദേശിൽ തങ്ങളുടെ ജോലി പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി പൊലീസ് ഉദ്യോഗസ്ഥർ. മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന കഴിഞ്ഞമാസം 'ഷൂട്ട് ഓൺ സൈറ്റ്' ഉത്തരവ് പുറപ്പെടുവിച്ചതിനുശേഷം ജനങ്ങൾ പൊലീസിനുനേരെ തിരിഞ്ഞിരുന്നു. ഷെയ്‌ഖ് ഹസീന സർക്കാർ പ്രതിഷേധങ്ങളെ കൈകാര്യം ചെയ്തതിൽ തങ്ങൾക്ക് ഒരു പങ്കും ഇല്ലായിരുന്നുവെന്ന് പൗരന്മാരോട് എങ്ങനെ വിശദീകരിക്കും എന്നതാണ് പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം പൊലീസ് ആസ്ഥാനത്തിന് പുറത്ത് ഉദ്യോഗസ്ഥർ പ്രതിഷേധിച്ചു. പൊലീസ് ആസ്ഥാനം നിലവിൽ ബംഗ്ളാദേശ് സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഷെയ്‌ഖ് ഹസീന സർക്കാർ സസ്‌പെൻഡ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥരാണിവർ. തങ്ങളുടെ ജോലി തിരികെ ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.

പ്രതിഷേധക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നത് തങ്ങളുടെ തീരുമാനം ആയിരുന്നില്ലെന്നും അത് ഷെയ്‌ഖ് ഹസീന സർക്കാരിന്റെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും ആയിരുന്നുവെന്ന് പൊലീസുകാർ പറഞ്ഞു. ജനങ്ങളുടെ ഇടയിൽ അവമതിപ്പിന് കാരണമാക്കി. സർക്കാരുമായി ചേർന്ന് തങ്ങളും പ്രതിഷേധക്കാരെ അടിച്ചമർത്താൻ ശ്രമിച്ചുവെന്നാണ് ജനങ്ങൾ കരുതുന്നതെന്നും കൂടുതലും കോൺസ്റ്റബിൾമാരായ പൊലീസുകാർ കൂട്ടിച്ചേർത്തു.

'ഞങ്ങളുടെ ജോലികൾ ഷെയ്ഖ് ഹസീനയുടെ സർക്കാർ തട്ടിയെടുത്തു. ഞങ്ങൾക്ക് ഉണ്ടായിരുന്ന സീനിയോറിറ്റിയോടെയും പൂർണ്ണമായ ബഹുമാനത്തോടെയും ജോലികൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായാണ് പ്രതിഷേധിക്കുന്നത്'- ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ഓഗസ്റ്റ് അഞ്ചിന് ഹസീന രാജ്യം വിട്ടതിനുപിന്നാലെ ബംഗ്ളാദേശിലെ 76ഓളം പൊലീസ് സ്റ്റേഷനുകൾ പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിയിരുന്നു. 13 പൊലീസുകാരെ പ്രതിഷേധക്കാർ കയ്യേറ്റം ചെയ്ത് കൊലപ്പെടുത്തുകയും ചെയ്തു.

Advertisement
Advertisement