ഇന്ത്യക്കാരുടെ പ്രിയപ്പെട്ട രാജ്യത്ത് പറക്കാൻ ചെലവേറും; സ്റ്റുഡന്റ് വിസ നിരക്കടക്കം കൂട്ടി, ഇമിഗ്രേഷൻ നയങ്ങളിലും മാറ്റം
വെല്ലിംഗ്ടൺ: വിദ്യാർത്ഥികളുടെ വിസ ഫീസ് നിരക്ക് അടക്കം ഇമിഗ്രേഷൻ നയങ്ങളിൽ മാറ്റം വരുത്തി ന്യൂസിലൻഡ് സർക്കാർ. 2024 ഒക്ടോബർ ഒന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വരിക. സർക്കാരിന്റെ പുതിയ തീരുമാനം മിക്കവാറും എല്ലാ വിസ വിഭാഗങ്ങളെയും ബാധിക്കും. വിസ അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നതിനുള്ള ചെലവുകളുമായി ബന്ധപ്പെട്ട നിരക്കുകൾ ക്രമീകരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
അതേസമയം, പസഫിക് രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് സബ്സിഡി നിരക്കുകൾ നൽകാൻ ന്യൂസിലൻഡ് തീരുമാനിച്ചിട്ടുണ്ട്. തങ്ങളുടെ അയൽരാജ്യങ്ങളെ പിന്തുണയ്ക്കാൻ ന്യൂസിലൻഡ് പ്രതിജ്ഞാബദ്ധമാണെന്ന് തെളിയിക്കുന്നതാണ് ഈ നീക്കം. ഓസ്‌ട്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ന്യൂസിലൻഡിന്റെ വിസ ഫീസ് മത്സരാധിഷ്ഠിതമായി തുടരുമെന്ന് ഇമിഗ്രേഷൻ മന്ത്രി എറിക്ക സ്റ്റാൻഫോർഡ് പറഞ്ഞു.
സ്റ്റുഡന്റ് വിസ ഫീസ് വർദ്ധിപ്പിച്ചതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റങ്ങളിൽ ഒന്ന്. പസഫിക്കിന് പുറത്തുള്ള ലോകത്തിന്റെ ഭൂരിഭാഗവും മറ്റ് ചില പ്രത്യേക പ്രദേശങ്ങളും ഉൾപ്പെടെ ബാൻഡ് സി എന്ന് തരംതിരിച്ച പ്രദേശങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് സ്റ്റുഡന്റ് വിസ ഫീസ് 300 ന്യൂസിലൻഡ് ഡോളറിൽ നിന്ന് 485 ആയി ഉയർത്തും. എന്നിരുന്നാലും, പഠനാനന്തര തൊഴിൽ വിസ ഫീസ് കുറച്ചിട്ടുണ്ട്. 490 ഡോളറിൽ നിന്ന് 320 ഡോളറായാണ് കുറയുക. ഈ വിസകളുമായി ബന്ധപ്പെട്ട ഇമിഗ്രേഷൻ ലെവിയിലെ ഗണ്യമായ വർദ്ധനവിന് ഒപ്പമാണ് ഈ കുറവ് വരുത്തിയിരിക്കുന്നത്. സ്റ്റുഡന്റ് വിസ ലെവി 95 ഡോളറിൽ നിന്ന് 265 ഡോളറായാണ് കൂട്ടിയത്.
പഠനാനന്തര തൊഴിൽ വിസ ലെവി 210 ഡോളറിൽ നിന്ന് 1350 ഡോളറാക്കിയാണ് ഉയർത്തിയത്. ന്യൂസിലൻഡിലെ തൊഴിൽ വിസ നിരക്കിലും മാറ്റം വരുത്തിയിട്ടുണ്ട്. അക്രഡിറ്റഡ് എംപ്ലോയർ വർക്ക് വിസ ഫീസ് 540 ഡോളറിൽ നിന്ന് 480 ഡോളറാക്കി കുറച്ചു. ഈ വിസയുടെ ഇമിഗ്രേഷൻ ലെവി 210 ഡോളറിൽ നിന്ന് 1060 ആക്കി വർദ്ധിപ്പിച്ചു. യഥാർത്ഥ തൊഴിൽ ക്ഷാമം നിലനിൽക്കുന്നിടത്ത് വിദഗ്ധരായ കുടിയേറ്റക്കാരെ നിയമിക്കാൻ തൊഴിലുടമകളെ അനുവദിക്കുമ്പോൾ ന്യൂസിലാൻഡുകാർക്ക് ജോലിക്ക് മുൻഗണന നൽകുന്നുവെന്ന് ഉറപ്പാക്കുന്നതിന് ഈ വിസ നിർണായകമാണ്.
അതേസമയം, യുകെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ കഴിഞ്ഞാൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ പേർ കുടിയേറാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ന്യൂസിലൻഡ്. തൊഴിൽ, വിദ്യാഭ്യാസ ആവശ്യത്തിനായി നിരവധി ഇന്ത്യക്കാർ ന്യൂസിലൻഡിൽ എത്തുന്നുണ്ട്.