ചില്ലറക്കാരിയല്ല മാധബി; വിവാദനായിക കൈപ്പിടിയിലൊതുക്കിയത് പുരുഷന്മാർ അടക്കിവാണിരുന്ന സ്ഥാനം, സ്വാധീനം ഇന്ത്യയ്ക്ക് പുറത്തും

Monday 12 August 2024 3:03 PM IST

ന്യൂഡൽഹി: കഴിഞ്ഞ ദിവസമാണ് സെബി മേധാവി മാധബി പുരി ബുച്ചുവിനും ഭർത്താവ് ധവൽ ബുച്ചുവിനും അദാനി ഗൂപ്പിന്റെ വിവാദ വിദേശ നിക്ഷേപങ്ങളിൽ പങ്കാളിത്തമുണ്ടെന്ന ആരോപണവുമായി ഹിൻഡൻബർഗ് രംഗത്തെത്തിയത്.

ഇതിനുപിന്നാലെ റിപ്പോർട്ടിലെ ആരോപണങ്ങൾ നിഷേധിക്കുന്നുവെന്ന് മാധബി ബുച്ചും ഭർത്താവും പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. സ്വഭാവഹത്യയാണ്, റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ നിക്ഷേപം താൻ സെബിയിൽ വരുന്നതിന് മുൻപ് സിംഗപ്പൂരിൽ ജോലി ചെയ്‌ത സമയത്തേതാണെന്നും ധവലിന്റെ സുഹൃത്ത് അനിൽ അഹൂജ വഴി നടത്തിയതാണെന്നും അദാനി ഫണ്ടുമായി ബന്ധമില്ലെന്നുമായിരുന്നു അവരുടെ വിശദീകരണം.

തുടർന്ന്‌ ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള നിക്ഷേപ വിവരങ്ങൾ പുറത്തുവിടുമോയെന്ന് ചോദിച്ചുകൊണ്ട് ഹിൻഡൻബർഗ് വീണ്ടുമെത്തിയിരിക്കുകയാണ്. ഇരുവിഭാഗവും തമ്മിലുള്ള പോര് മുറുകുന്നതിനിടെ ഇത്രയും സ്വാധീനമുള്ള മാധബി ആരാണ് എന്ന ചോദ്യം ഉയർന്നിരിക്കുകയാണ്.

ആരാണ് മാധബി പുരി ബുച്ചു?


മാധബി പുരി ബുച്ചിന്റെ കരിയറും ഏറെ ശ്രദ്ധേയമായിരുന്നു. 1966ൽ മുംബയിലാണ് മാധബിയുടെ ജനനം. ഗണിതത്തിലും ധനകാര്യത്തിലും പ്രാഗത്ഭ്യം തെളിയിച്ച അവർ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മാനേജ്‌മെന്റ് (ഐ ഐ എം) അഹമ്മദാബാദിൽ നിന്ന് എം ബി എ നേടി. 1989ൽ ഐ സി ഐ സി ഐ ബാങ്കിൽ ജോലിയിൽ പ്രവേശിച്ചതോടെ കരിയർ ആരംഭിച്ചു. കണ്ണടച്ചുതുറക്കുന്ന വേഗതയിലായിരുന്നു മാധബിയുടെ വളർച്ച.

ഐ സി ഐ സി ഐയിൽ പ്രവർത്തിച്ചിരുന്ന സമയത്ത് ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് മുതൽ പ്രൊഡക്ട് മാർക്കറ്റിംഗ് വരെയുള്ള റോളുകൾ അവർ മികച്ച രീതിയിൽ കൈകാര്യം ചെയ്തു. 2009ൽ ഐ സി ഐ സി ഐ സെക്യൂരിറ്റീസിന്റെ മാനേജിംഗ് ഡയറക്ടറും സി ഇ ഒയും ആയി. ഈ സ്ഥാനം അലങ്കരിക്കുന്ന ആദ്യ വനിത കൂടിയായിരുന്നു അവർ. അവരുടെ മാർഗനിർദേശപ്രകാരം ഐ സി ഐ സി ഐ സെക്യൂരിറ്റീസ് വളർന്നു.

ഐ സി ഐ സി ഐയിൽ നിന്ന് പടിയിറങ്ങിയ ശേഷം അന്താരാഷ്ട്ര ബന്ധങ്ങൾ വളർത്തി. ചൈനയിലെ ഷാങ്ഹായിലെ ന്യൂ ഡെവലപ്‌മെന്റ് ബാങ്കിന്റെ കൺസൾട്ടന്റായി സേവനമനുഷ്ഠിച്ച അവർ ഒരു സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ഗ്രേറ്റർ പസഫിക് ക്യാപിറ്റലിന്റെ സിംഗപ്പൂർ ഓഫീസിനെ നയിച്ചു. ആഗോള സാമ്പത്തിക വിപണികളെക്കുറിച്ചുള്ള വിശാലമായ കാഴ്ചപ്പാട് ഉണ്ടാക്കാൻ ഈ റോളുകൾ സഹായിച്ചു.


സെബിയിലേക്ക്

ഇന്ത്യയിലേക്ക് മടങ്ങിയ ശേഷം, മാധബി ഐഡിയ സെല്ലുലാർ ലിമിറ്റഡ് , എൻ ഐ ഐ ടി ലിമിറ്റഡ് അടക്കമുള്ള നിരവധി പ്രമുഖ കമ്പനികളുടെ നോൺ എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനങ്ങൾ വഹിച്ചു. 2017ൽ സെബിയുടെ ഹോൾ ടൈം മെമ്പറായി (ഡബ്ല്യുടിഎം) നിയമനം ലഭിച്ചു. മ്യൂച്വൽ ഫണ്ടുകളടക്കമുള്ള പ്രധാന പോർട്ട്‌ഫോളിയോകളായിരുന്നു അവർ കൈകാര്യം ചെയ്തത്. അന്നത്തെ സെബി ചെയർപേഴ്സണായ അജയ് ത്യാഗിയുമായുള്ള അടുപ്പം മാധബിയെ കൂടുതൽ ശക്തയാക്കി.

2022 മാർച്ചിലാണ് മാധബി സെബി ചെയർപേഴ്സണായി ചുമതലയേറ്റത്. സെബിയെ നയിക്കുന്ന ആദ്യ വനിത കൂടിയാണ് അവർ. മാധബിയുടെ നിയമനം ഇന്ത്യൻ ധനകാര്യത്തിലെ ലിംഗസമത്വത്തിനുള്ള ഒരു നാഴികക്കല്ല് കൂടിയായിരുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ്സ് (എൻഐഎസ്എം) മുന്നോട്ട് കൊണ്ടുപോകുന്നതിലടക്കം നിർണായക പങ്കുവഹിച്ചു.

കുടുംബം


മാധബി ജനിച്ചതും വളർന്നതും മുംബയിലാണ്. കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്തിരുന്ന കമൽ പുരിയുടെ മകളാണ്. 21 വയസിലായിരുന്നു ധവൽ ബുച്ചുവിനെ വിവാഹം കഴിച്ചത്. ദമ്പതികൾക്ക് അഭയ് എന്ന മകനുണ്ട്. ധവൽ ബുച്ചും നിസാരക്കാരനല്ല. മാധബിയുടേത് പോലെ തന്നെ അദ്ദേഹവും കോർപ്പറേറ്റ് ലോകത്തെ ശ്രദ്ധേയമായ വ്യക്തിയാണ്.

ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച്, ബ്ലാക്ക്‌സ്റ്റോണിലും അൽവാരസ് & മാർസലിലും സീനിയർ അഡ്വൈസറാണ് ധവൽ ബച്ച്. 2019 ജൂലായ് മുതൽ അദ്ദേഹം ഈ സ്ഥാനത്തുണ്ട്. ഹിന്ദുസ്ഥാൻ യൂണിലിവറിലടക്കം പ്രവർത്തിച്ചിട്ടുണ്ടെന്നാണ് വിവരം.