15കാരിയെ വീട്ടിലെത്തിച്ചത് ഭാര്യ; വർഷങ്ങളായി പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ

Monday 12 August 2024 6:00 PM IST

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ദമ്പതികൾ അറസ്റ്റിൽ. തിരുവനന്തപുരം ആറ്റിങ്ങലിലാണ് 15കാരി പീഡനത്തിനിരയായത്. സംഭവത്തിൽ ആറ്റിങ്ങൽ ഇളമ്പ പാലത്തിന് സമീപം ബിന്ദു ഭവൻ വീട്ടിൽ ശരത് (28), ഭാര്യ മുദാക്കൽ പൊയ്‌കമുക്ക് കാട്ടുചന്ത നന്ദനം വീട്ടിൽ നന്ദ (24) എന്നിവരാണ് അറസ്റ്റിലായത്.

2021 ഏപ്രിൽ മുതൽ പെൺകുട്ടി പീഡനത്തിനിരയായെന്നാണ് പരാതി. പെൺകുട്ടി ക്ളാസിൽ വിഷമിച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അദ്ധ്യാപിക സ്‌കൂളിലെ കൗൺസിലറെ കൊണ്ട് കൗൺസലിംഗ് നടത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ഒന്നാംപ്രതിയായ ശരത് ഭാര്യയുടെ സഹായത്തോടെ പെൺകുട്ടിയെ വീട്ടിലെത്തിക്കുകയും തുടർന്ന് പീഡനത്തിനിരയാക്കുകയും ചെയ്തെന്നാണ് പരാതി. നന്ദയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ഇയാൾ ആരോപിച്ചിരുന്നു. തന്നോടൊപ്പം താമസിക്കണമെങ്കിൽ പെൺകുട്ടിയെ ചൂഷണം ചെയ്യാൻ അവസരമൊരുക്കി തരണമെന്ന് ഇയാൾ ഭാര്യയെ ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് നന്ദ 15കാരിയെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ചത്.

ആറ്റിങ്ങൽ ഇൻസ്‌പെക്ടർ ഗോപകുമാർ ജി, എസ്‌ഐമാരായ സജിത്ത്, ജിഷ്‌ണു, സുനിൽകുമാർ, എഎസ്‌ഐ ഉണ്ണിരാജ്, എസ്‌സിപിഒമാരായ ശരത് കുമാര്‍, നിതിന്‍, സിപിഒ അഞ്ജന എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.