അരമണിക്കൂര്‍ കറങ്ങേണ്ട, യാത്രാസമയം മൂന്ന് മിനിറ്റായി ചുരുങ്ങും; കേരളത്തിനും ഗുണകരമായി ഒരു മേല്‍പ്പാലം

Monday 12 August 2024 7:19 PM IST
ഉദ്ഘാടനം നിര്‍വഹിച്ച മേല്‍പ്പാലം

പാലക്കാട്: 482 കോടിയോളം രൂപ ചിലവിട്ട് തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍മിച്ച ഒരു പാലം കേരളത്തിനും മലയാളികള്‍ക്കും ഏറെ ഗുണകരമായി മാറുന്നു. അരമണിക്കൂറിലധികം സമയം യാത്രയ്ക്കായി വേണ്ടിയിരുന്നത് മൂന്നര മിനിറ്റായി കുറയുന്നുവെന്നതാണ് പാലത്തിന്റെ സവിശേഷത. കോയമ്പത്തൂരില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോയമ്പത്തൂര്‍ റോഡിലെ ആത്തുപാലം മുതല്‍ ഉക്കടം ടൗണ്‍ വരെ കാലങ്ങളായുള്ള ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരവുമാകുകയാണ്.

കേരളത്തില്‍ നിന്ന് കോയമ്പത്തൂരിലേക്കുള്ള യാത്രക്കാര്‍ക്കാണ് പാലം കൊണ്ട് ഏറ്റവും വലിയ ഗുണം ലഭിക്കുക. 2.4 കിലോമീറ്റര്‍ ദൂരമാണ് ഗതാഗതക്കുരുക്ക് കാരണം അരമണിക്കൂര്‍ സമയമെടുത്ത് യാത്ര ചെയ്യേണ്ടിയിരുന്നത്. പാലത്തിന് മുകളില്‍ 40 കിലോമീറ്ററും, റാംപില്‍ 30 കിലോമീറ്ററുമാണ് വേഗപരിധിയായി നിശ്ചയിച്ചിട്ടുള്ളത്. ഏഴ് റാംപുകള്‍ സഹിതം 3.8 കിലോമീറ്റര്‍ പാലമാണ് നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇതില്‍ രണ്ട് റാംപുകള്‍ പാലക്കാട് റോഡിലേക്കാണ് എന്നതാണ് മലയാളികള്‍ക്കുള്ള നേട്ടം.

നാല് വരി പാതയായിട്ടാണ് മേല്‍പ്പാലം നിര്‍മിച്ചിരിക്കുന്നത്. മുമ്പ് നിര്‍മിച്ച ടോള്‍ഗേറ്റില്‍ കേരളത്തിലെ വാഹനങ്ങള്‍ തടഞ്ഞ് ടോള്‍ പിരിക്കുന്ന പതിവിന് അറുതിയായി എന്നതാണ് ആശ്വാസം. പാലക്കാട് റോഡിനെ കോയമ്പത്തൂര്‍ നഗരവുമായി ബന്ധിപ്പിക്കുന്ന രണ്ടു വരി പാലത്തിന് 35 വര്‍ഷം ടോള്‍ പിരിക്കാന്‍ സംസ്ഥാന ഹൈവേ വകുപ്പ് അനുമതി നല്‍കിയിരുന്നു. ആദ്യം ആത്തുപ്പാലം മുതല്‍ ഉക്കടം വരെ പ്രഖ്യാപിച്ച പദ്ധതി പാലംപണി തുടങ്ങിയ ശേഷം പാലക്കാട്, പൊള്ളാച്ചി റോഡിലേക്കും നീട്ടിയതോടെയാണ് കാലതാമസമുണ്ടായത്.