യുവതിയുടെ കൊലപാതകം: കുറ്റപത്രം 10 ദിവസത്തിനുള്ളിൽ
കാട്ടാക്കട: മുതിയാവിളയിൽ വാടകവീടിനു സമീപത്തെ റബർ പുരയിടത്തിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ 10 ദിവസത്തിനുള്ളിൽ കാട്ടാക്കട പൊലീസ് കുറ്റപത്രം സമർപ്പിക്കും. സംഭവത്തിൽ കുടപ്പനക്കുന്ന് സ്വദേശിയായ ഓട്ടോ ഡ്രൈവർ രഞ്ജിത്തി(34)നെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫയർഫോഴ്സിൽ സിവിൽ ഡിഫൻസിലെ ഡെപ്യൂട്ടി വാർഡനായി സന്നദ്ധ പ്രവർത്തനം നടത്തുകയായിരുന്ന പേരൂർക്കട സ്വദേശിനി മായാമുരളി (34) മേയ് 9നാണ് കൊല്ലപ്പെട്ടത്.
ഒരുവർഷം മുമ്പാണ് മായാ മുരളിയുടെ പിതാവിന്റെ ഓട്ടോ ഓടിക്കാനായി രഞ്ജിത്ത് എത്തിയത്. തുടർന്ന് ദിവസവും വീട്ടിൽ വന്നുപോയിരുന്ന ഇയാൾ ഓട്ടോയിൽ നിന്നുള്ള വരുമാനം ആദ്യം പണമായാണ് നൽകിയിരുന്നത്. പിന്നീട് എന്നും വരാനുള്ള ബുദ്ധിമുട്ട് പറഞ്ഞ് മായാമുരളിയുടെ ഗൂഗിൾപേ നമ്പറിൽ പണമയയ്‌ക്കാൻ തുടങ്ങിയതോടെയാണ് ഇരുവരും അടുപ്പത്തിലായത്. മായാമുരളിയുടെ ഭർത്താവ് നേരത്തെ മരിച്ചുപോയി. പലയിടങ്ങളിൽ താമസിച്ചശേഷമാണ് ഇവർ മുതിയാവിളയിലെ വാടക വീട്ടിൽ താമസമാക്കിയത്. രഞ്ജിത്തിന്റെ ഉപദ്രവം സഹിക്കാനാവാതെ മായാമുരളി കുട്ടികൾക്കൊപ്പം സ്വന്തം വീട്ടിലേക്ക് മടങ്ങിയതിനെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. എസ്.പി കിരൺ നാരായണൻ,അഡിഷണൽ എസ്.പി പ്രതാപചന്ദ്രൻ,ഡിവൈ.എസ്.പി ജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കാട്ടാക്കട ഡിവൈ.എസ്.പി ഷിബുവാണ് കുറ്റപത്രം സമർപ്പിക്കുക.