ഡി.ജെ പാർട്ടിക്കിടെ യുവാവിന് മർദ്ദനം; 'കില്ലർ ബൗൺസർ' അംഗം അറസ്റ്റിൽ
കൊച്ചി: ഡി.ജെ പാർട്ടിക്കിടെ യുവാവിനെ മർദ്ദിച്ച് അവശനാക്കി ബൗൺസർ. കൊച്ചിയിലെ ആഡംബര ഹോട്ടലിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. മാറമ്പള്ളി സ്വദേശിയും ആർക്കിടെക്റ്റുമായ 34കാരനാണ് മർദ്ദനമേറ്റത്. യുവാവിന്റെ പരാതിയിൽ കില്ലർ ബൗൺസർ അംഗമായ എറണാകുളം ചിറ്റൂർറോഡ് പൂവങ്കേരി വീട്ടിൽ ബിനോയിയെ(34) എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.
സുഹൃത്തിനൊപ്പമാണ് യുവാവ് ഡി.ജെ പാർട്ടിക്ക് എത്തിയത്. ഡാൻസ് കളിക്കുന്നതിനിടെ ബൗൺസറുമായി വാക്കുതർക്കമായി. ഇത് പിന്നീട് മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു. മർദ്ദനമേറ്റ് യുവാവിന്റെ മൂക്കിന് സാരമായി പരിക്കേറ്റതായി പൊലീസ് പറഞ്ഞു. കണ്ണിന് താഴെയും മർദ്ദനമേറ്റിട്ടുണ്ട്. ബൗൺസറെ പിടിച്ചുമാറ്റാൻ ആരും മുന്നോട്ടുവന്നില്ല. സുഹൃത്താണ് യുവാവിനെ രക്ഷപ്പെടുത്തിയത്. തുടർന്ന് 34കാരൻ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സതേടുകയായിരുന്നു.
ആശുപത്രിയിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് സൗത്ത് പൊലീസ് ഇന്ന് രാവിലെ യുവാവിന്റെ മൊഴി രേഖപ്പെടുത്തി. ഹോട്ടലിലെത്തി സി.സി.ടിവി ദൃശ്യം ശേഖരിച്ചു. ദൃശ്യത്തിൽ നിന്ന് പ്രതിയെ കണ്ടെത്തി ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തി. ഇടക്കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമാണ് കില്ലർ ബൗൺസർ. ഇതിലെ അംഗമാണ് ബിനോയ്. ഒരുവർഷമായി ബിനോയ് ഇവർക്കൊപ്പമുണ്ട്. ഡി.ജെയുടെ സുഗമമായുള്ള നടത്തിപ്പിന് ഹോട്ടൽ കില്ലർ ബൗൺസറിനെയാണ് ചുമതലപ്പെടുത്തുന്നത്.
പ്രശ്‌നങ്ങൾ ഉണ്ടാകാതെ നോക്കേണ്ടതും കലഹമുണ്ടായാൽ പരിഹരിക്കേണ്ടതും ബൗൺസർമാരുടെ ചുമതലയാണ്. എന്നാൽ ബൗൺസർ തന്നെ ക്രൂരകൃത്യത്തിന് മുതിർന്നത് പൊലീസിനെയും ഞെട്ടിച്ചു. അതേസമയം, വാക്കുതർക്കത്തിലേക്ക് നയിച്ചത് എന്തെന്ന് ഇരുകൂട്ടരും വെളിപ്പെടുത്തിയിട്ടില്ല. സുഹൃത്ത് പിടിച്ചുമാറ്റിയില്ലായിരുന്നെങ്കിൽ മരണം വരെ സംഭവിക്കുമായിരുന്നെന്നാണ് എഫ്.ഐ.ആർ.