അച്ചുതമേനോൻ പ്രതിമ ചരിത്രത്തോടുള്ള കടം വീട്ടൽ: ബിനോയ് വിശ്വം

Tuesday 13 August 2024 1:53 AM IST

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി സി. അച്ചുതമേനോന്റെ പ്രതിമ സ്ഥാപിച്ചതിലൂടെ ചരിത്രത്തോടുള്ള കടം വീട്ടുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. തിരുവനന്തപുരം മ്യൂസിയം ജംഗ്‌ഷനിൽ അച്ചുതമേനോന്റെ പൂർണകായ പ്രതിമയുടെ അനാവരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നവകേരള ശില്പികളിൽ ആദ്യം പറയേണ്ട പേരാണ് അച്ചുതമേനോന്റേത്. ശ്രീചിത്ര, കെൽട്രോൺ, സി.ഡി.എസ് തുടങ്ങി, അച്ചുതമേനോന്റെ സ്മാരകങ്ങളെന്ന് വിളിക്കാവുന്ന അനവധി സ്ഥാപനങ്ങൾ തിരുവനന്തപുരത്തുൾപ്പെടെയുണ്ട്. ഭൂപരിഷ്‌കരണമെന്ന വിപ്ലവകരമായ പ്രവർത്തനം പൂർത്തീകരിച്ചത് അച്ചുതമേനോൻ മുഖ്യമന്ത്രിയായ കാലത്താണ്. ലക്ഷം വീട് പദ്ധതിയും ഗ്രാറ്റുവിറ്റി നിയമവുമെല്ലാം നടപ്പിലാക്കിയത് ആ സർക്കാരാണ്. തെറ്റുകൾ കണ്ടാൽ തിരുത്തുന്നതിനും വഴി മാറിപ്പോയാൽ അത് വിളിച്ചുപറയുന്നതിനും പാർട്ടിയെ പഠിപ്പിച്ചതിൽ മുഖ്യപങ്ക് വഹിച്ചത് അച്ചുത മേനോനാണ്.
.ചരിത്രത്തെ മാറ്റിയെഴുതാൻ ആർ.എസ്.എസ് ശ്രമിക്കുമ്പോൾ, ഇടതുപക്ഷ ചരിത്രകാരന്മാർ കാണിക്കേണ്ട ഒരു തത്വദീക്ഷയുണ്ട്. ഭിന്നിപ്പ് കൊണ്ട് കമ്മ്യൂണിസ്റ്റുകാർ മറ്റെന്തോ ആയി മാറാൻ പാടില്ല. ഇന്ന് ഐക്യത്തിന്റെ കാലമാണ്. ഭിന്നിപ്പിന്റെ കാലത്ത് വന്നു പോയ ശീലങ്ങളും തെറ്റുകളും തിരുത്തണം . എല്ലാ നിയമങ്ങളിലും പ്രകൃതിക്ക് നൽകേണ്ട പ്രാധാന്യം കൊടുത്ത ഭരണാധികാരിയായിരുന്ന അച്ചുതമേനോൻ, ദൂരക്കാഴ്ചയുള്ള ഭരണാധികാരിയും കമ്മ്യൂണിസ്റ്റുമായിരുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു.
സംഘാടകസമിതി ചെയർമാൻ മന്ത്രി ജി.ആർ. അനിൽ അധ്യക്ഷനായി. കൺവീനർ മാങ്കോട് രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ.പ്രകാശ്ബാബു, പി.സന്തോഷ് കുമാർ എം.പി, കെ.പി. രാജേന്ദ്രൻ, സംസ്ഥാന അസി. സെക്രട്ടറിമാരായ ഇ.ചന്ദ്രശേഖരൻ, പി.പി.സുനീർ തുടങ്ങിയവർ സംസാരിച്ചു.

Advertisement
Advertisement