15കാരനെ ലൈംഗികമായി പീഡിപ്പിച്ചു ,​ മദ്രസ അദ്ധ്യാപകന് 86 വർഷം കഠിനതടവും പിഴയും

Tuesday 13 August 2024 12:28 AM IST

തിരുവനന്തപുരം : പതിഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകനെ 86 വർഷം കഠിനതടവും പിഴയും വിധിച്ച് പോക്സോ കോടതി. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.രി.യ ഷിബുവാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി കടയ്ക്കൽ കാഞ്ഞിരത്തുംമൂട് ബിസ്മി ഭവനിൽ താമസിക്കുന്ന സിദ്ധിഖിനെയാണ് (25)​ കോടതി കഠിനതടവിന് ശിക്ഷിച്ചത്. രണ്ടാംപ്രതിയും മദ്രസ അദ്ധ്യാപകനുമായ തൊളിക്കോട് കരിബ ഓഡിറ്റോറിയത്തിന് സമീപം ജാസ്മിൻ വില്ലയിഷ താമസിക്കുന്ന മുഹമ്മദ് ഷമീറിനെ (29)​ കുറ്റകൃത്യം മറച്ചുവച്ച കുറ്റത്തിന് ആറുമാസം കഠിനതടവും 10000 രൂപ പിഴയും വിധിച്ചു.

2023 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കേസിൽ 15കാരൻ ഉൾപ്പെടെ അഞ്ചു കുട്ടികളാണ് നെടുമങ്ങാട് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് അഞ്ചു കേസുകൾ രജിസ്റ്റർ ചെയ്തു. എന്നാൽ പ്രതികളുടെ സമ്മർദ്ദത്തെ തുടർന്ന് വിചാരണയ്ക്കിടെ പരാതിക്കാരിയായ മറ്റു നാലുകുട്ടികളും കൂറുമാറി പ്രതികൾക്ക് അനുകൂലമായി മൊഴി നൽകുകയും ചെയ്തു. എന്നാൽ ഈ കേസിലെ കുട്ടി മാത്രം എല്ലാ സമ്മർദങ്ങളെയും അതിജീവിച്ച് തനിക്കുണ്ടായ ലൈംഗിക ഉപദ്രവം കോടതിയിൽ മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ ശിക്ഷിച്ചത്.

പരാതി നൽകി 9 മാസത്തിനകം പ്രതികളെ ശിക്ഷിച്ചു എന്ന പ്രത്യേകതയും ഈ കേസിനുണ്ട്. താൻ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്നുവെന്നും കുറ്റകൃത്യം ചെയ്തില്ലെന്നും ചികിത്സാ രേഖകൾ ഹാജരാക്കി. പ്രതി കോടതിയിൽ മൊഴി നൽകി. എന്നാൽ കേസിൽ നിന്ന് രക്ഷപ്പെടാൻ വ്യാജരേഖകൾ ഹാജരാക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു.