ജയിൽമോചനം ആവശ്യപ്പെട്ട് കേജ്‌രിവാൾ സുപ്രീംകോടതിയിൽ

Tuesday 13 August 2024 12:49 AM IST

ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട സി.ബി.ഐ കേസിലെ അറസ്റ്ര് ചോദ്യം ചെയ്‌തും,ജയിൽമോചനം ആവശ്യപ്പെട്ടും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ സുപ്രീംകോടതിയെ സമീപിച്ചു. കേജ്‌രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ സി.ബി.ഐയുടെ നടപടി ഡൽഹി ഹൈക്കോടതി ശരിവച്ചിരുന്നു. ന്യായമായ കാരണങ്ങളില്ലാതെയാണ് അറസ്റ്റെന്ന വാദവും തള്ളി. ഹൈക്കോടതിയിൽ നിന്ന് തിരിച്ചടിയേറ്റ സാഹചര്യത്തിൽ ഡൽഹി മുഖ്യമന്ത്രി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അടിയന്തരമായി വാദം കേൾക്കണമെന്ന് കേജ്‌രിവാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി ഇന്നലെ ആവശ്യപ്പെട്ടപ്പോൾ ഇക്കാര്യം ചൂണ്ടിക്കാട്ടി രജിസ്ട്രറിക്ക് ഇമെയിൽ അയക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിർദ്ദേശിച്ചു. ഇ.ഡി കേസിൽ സുപ്രീംകോടതി കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചിട്ടുണ്ട്. സി.ബി.ഐ കേസിൽ കൂടി അനുകൂല ജാമ്യഉത്തരവ് നേടി പുറത്തിറങ്ങാനാണ് ശ്രമം.