ക്ഷേത്രത്തിലെ വഞ്ചികൾ കുത്തിത്തുറന്ന് മോഷണം

Tuesday 13 August 2024 2:25 AM IST

അടൂർ : മണ്ണടി പഴയകാവ് ദേവീ ക്ഷേത്രത്തിൽ വഞ്ചികൾ കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. ശനിയാഴ്ച രാത്രി 10.30-നാണ് മോഷണം നടന്നതെന്ന് ക്ഷേത്രത്തിലെ സി.സി.ടി.വി.ക്യാമറയിൽ നിന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. ഒരാൾ മുഖം മൂടി ധരിച്ച് ക്ഷേത്രവളപ്പിൽ എത്തുന്നത് ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മൂന്ന് വഞ്ചികളാണ് തുറന്നത്. കുറച്ചു നോട്ടുകൾ മാത്രമാണ് കൊണ്ടുപോയതെന്ന് കരുതുന്നതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. പാട്ടമ്പലത്തിന്റെ പൂട്ട് പൊളിച്ച നിലയിലായിരുന്നു. വഞ്ചി തുറക്കാനുപയോഗിച്ച ഇരുമ്പു കമ്പി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഏനാത്ത് എസ്.എച്ച്.ഒ. അമൃത് സിംഗ് നായികത്തിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പാട്ടമ്പലത്തിനു സമീപം രണ്ട് വെള്ളതോർത്തും ഇതിനോട് ചേർന്ന് പട്ടിന് മുകളിൽ നാണയങ്ങളും കണ്ടെത്തി. പൊലീസ് നായ ക്ഷേത്രവളപ്പിൽ നിന്ന് ഏനാത്ത് -മണ്ണടി റോഡിലേക്കിറങ്ങി സമീപത്തെ സൂപ്പർ മാർക്കറ്റിനു സമീപം വരെ പോയി നിന്നു. വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തി.