നവജാതശിശുവിന്റെ മരണത്തിൽ ഡോക്ടറുടെ നിർണായക മൊഴി; ഗർഭിണിയായിരുന്നെന്ന് കാമുകൻ അറിഞ്ഞത് പ്രസവ ശേഷമെന്ന് യുവതി

Tuesday 13 August 2024 10:03 AM IST

ആലപ്പുഴ: തകഴിയിലെ നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് സൂചന. ഇക്കാര്യത്തിൽ യുവതിയെ ചികിത്സിച്ച ഡോക്ടറുടെ മൊഴിയാണ് നിർണായകമായത്. പ്രസവിച്ചയുടൻ കുഞ്ഞ് കരഞ്ഞിരുന്നുവെന്ന് യുവതി പറഞ്ഞതായി ഡോക്ടർ മൊഴി നൽകി.

പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലും കൊലപാതകമാണെന്ന സൂചനയാണ് നൽകുന്നത്. അതേസമയം, മരണകാരണം സംബന്ധിച്ച് കൃത്യമായ നിഗമനത്തിലെത്താൻ വിശദമായ ശാസ്ത്രീയപരിശോധന ആവശ്യമാണെന്ന് പൂച്ചാക്കൽ സി.ഐ എൻ.ആർ.ജോസ് പറഞ്ഞു. താൻ ഗർഭിണിയായെന്ന് പ്രസവ ശേഷം മാത്രമാണ് കാമുകൻ അറിഞ്ഞതെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്.

പ്രതികൾക്കായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. കേസിൽ കുഞ്ഞിന്റെ അമ്മ പൂച്ചാക്കൽ ഉളവയ്പ് ആനമുട്ടിച്ചിറ ഡോണ ജോജി (22), കാമുകൻ തകഴി കുന്നുമ്മ വിരിപ്പാല പുത്തൻ പറമ്പിൽ തോമസ് ജോസഫ് (24), ഇയാളുടെ സുഹൃത്ത് തകഴി കുന്നുമ്മ വിരുപ്പാല മുട്ടച്ചിറ കോളനിയിൽ അശോക് ജോസഫ് (30) എന്നിവരെ ഞായറാഴ്ച അറസ്റ്റുചെയ്തിരുന്നു. ഈ മാസം ഏഴിന് പുലർച്ചെ 1.30ന് സ്വന്തം വീട്ടിലാണ് യുവതി പ്രസവിച്ചത്.

കുഞ്ഞിനെ സോനയുടെ അടുത്തുനിന്ന് വാങ്ങിയ രണ്ട് പ്രതികൾ തകഴി വണ്ടേപ്പുറം പാടശേഖരത്തിന്റെ ബണ്ടിൽ കുഴിച്ചിടുകയായിരുന്നു. യുവതിക്ക് ബ്ലീഡിംഗ് ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അപ്പോഴാണ് പ്രസവിച്ച വിവരം അറിയുന്നത്. കുഞ്ഞെവിടെ എന്ന് ഡോക്ടർമാർ ചോദിച്ചപ്പോൾ യുവതി കാമുകന് കൊടുത്തുവിട്ട കാര്യം പറഞ്ഞു. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

കുഞ്ഞിന്റെ മൃതദേഹം തോമസിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഞായറാഴ്‌ച പുറത്തെടുത്ത് ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്തിരുന്നു. മാസം തികയാതെയുള്ള പ്രസവമാണെന്നും സൂചനയുണ്ട്. ആലപ്പുഴ മെഡിക്കൽ കോളേജ് ഫോറൻസിക് അസോ.പ്രൊഫ.ഡോ.കൃഷ്ണൻ, ഡോ.പൂജ, ഡോ.അജയ്, ഡോ.മനോജ് എന്നിവരടങ്ങിയ സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്. കുട്ടിയുടെ ഡി.എൻ.എ സാമ്പിൾ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

പൂച്ചാക്കലിൽ നിന്ന് യുവതിയുടെ ബന്ധുക്കളെത്തി നവജാത ശിശുവിന്റെ മൃതദേഹം ഏറ്റുവാങ്ങി ആലപ്പുഴ വലിയ ചുടുകാട് ശ്മശാനത്തിൽ സംസ്‌കരിച്ചു. ഫോറൻസിക് സയൻസ് ബിരുദധാരിയാണ് യുവതി. പ്രസവശേഷം മുറി വൃത്തിയാക്കി തെളിവുകൾ നശിപ്പിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്.

Advertisement
Advertisement