അർജുനായുള്ള തെരച്ചിൽ അനിശ്ചിതത്വത്തിൽ, നേവിക്ക് അനുമതി നൽകിയില്ല; വെള്ളത്തിന് ഒഴുക്കില്ലെന്ന് ലോറി ഉടമ

Tuesday 13 August 2024 12:06 PM IST

ഷിരൂർ: കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ അനിശ്ചിതത്വത്തിൽ. പുഴയിലെ ഡൈവിംഗിന് നേവിക്ക് ഇതുവരെ അനുമതി ലഭിച്ചിട്ടില്ലെന്നാണ് വിവരം. നേവി സംഘം ഒൻപതുമണിയോടെ എത്തി, സോണാർ പരിശോധനയും പുഴയുടെ ഒഴുക്കും പരിശോധിച്ച് തുടർനടപടികളിലേക്ക് കടക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചത്.

കാർവാറിലെ കേന്ദ്രത്തിലാണ് നേവി ഇപ്പോഴും ഉള്ളത്. എന്തുകൊണ്ടാണ് അനുമതി നൽകാത്തതെന്നതിനെ സംബന്ധിച്ച് ജില്ലാ ഭരണകുടം ഇതുവരെ പ്രതികരിച്ചിട്ടില്ല. 'നേവി റെഡിയാണ്. ഇന്നലെ രാത്രി തന്നെ ഡൈവിംഗിന് ആവശ്യമായ എല്ലാം സജ്ജമാക്കിയിരുന്നു. ഡൈവ് ചെയ്യാൻ അഞ്ച് പേരെയും റെഡിയാക്കിയിരുന്നു.

ഞങ്ങൾ റെഡിയാണ്, പക്ഷേ അങ്ങോട്ട് വരാനുള്ള അനുമതി ലഭിക്കുന്നില്ലെന്നാണ് നേവിയിലുള്ള മലയാളി സുഹൃത്തുക്കൾ പറയുന്നത്. ഇനിയിപ്പോൾ ഞാനെടുത്ത് ചാടുകയേ നിവൃത്തിയുള്ളൂ. വെള്ളത്തിന് ഒഴുക്കില്ല. ശാന്തമായിട്ടാണ് പുഴയുള്ളത്. ആറ് ദിവസത്തിൽ കൂടുതലായി ഇവിടെ നല്ല കാലാവസ്ഥയാണ്.'- ലോറി ഉടമ മനാഫ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.


അർജുനായി പുഴയിൽ തെരച്ചിൽ നടത്തുന്നതിൽ പ്രതിസന്ധിയുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഇന്നലെ പറഞ്ഞിരുന്നു. ഗംഗാവലി പുഴയിൽ ശക്തമായ ഒഴുക്ക് തുടരുന്നത് വെല്ലുവിളിയാണെന്നും എന്നിരുന്നാലും ദൗത്യം അവസാനിപ്പിക്കില്ല,തെരച്ചിൽ തുടരും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തെരച്ചിലിൽ ജില്ലാ ഭരണകൂടത്തിന് വീഴ്‌ചയുണ്ടായെന്ന് അർജുന്റെ ബന്ധു ജിതിൻ ആരോപിച്ചിരുന്നു.

Advertisement
Advertisement