റൂഫിംഗ് ഷീറ്റ് ഏജൻസി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, ഒളിവിലായിരുന്ന പ്രതി പിടിയിൽ
ആറ്റിങ്ങൽ: റൂഫിംഗ് ഷീറ്റിന്റെ ഫ്രാഞ്ചൈസിയും ഏജൻസിയും നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിവിധ ഇടങ്ങളിൽ നിന്നായി 18 ലക്ഷം രൂപ തട്ടിയെടുത്ത ആൾ ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായി. കൊല്ലം പൂയപ്പള്ളി കൊട്ടറ മീയ്യണ്ണൂർ ലാലു ഹൗസിൽ അജി തോമസ് ( 47) ആണ് പിടിയിലായത്. ഏജൻസിക്ക് വേണ്ടിയുള്ള സാധനങ്ങൾ നൽകാമെന്ന് വാഗ്ദാനം നൽകി തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നായാണ് തട്ടിപ്പ് നടത്തിയത്. ആറ്റിങ്ങൽ മണമ്പൂർ സ്വദേശി മുഹമ്മദ് അഷറഫ്, കൊല്ലം പുനലൂർ സ്വദേശി അനീഫ് വർഗീസ്, വർക്കല വടശ്ശേരിക്കോണം സ്വദേശി തോമസ് പത്രോസ് എന്നിവരിൽ നിന്നായി പണം തട്ടിയെന്നാണ് പരാതി. 2023ൽ ആറ്റിങ്ങൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ കൊല്ലത്തുനിന്ന് ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്.എച്ച്.ഒ ഗോപകുമാർ. ജിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ എസ്.ഐമാരായ സജിത്ത്. എസ്, ജിഷ്ണു എം.എസ്, ഗ്രേഡ് എസ്.ഐ സുനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.