രണ്ട് രോഗികളെ ബലാത്സംഗം ചെയ്തു, ഡോക്ടര്‍ക്കെതിരെ പരാതി

Tuesday 13 August 2024 9:06 PM IST

ഭുവനേശ്വര്‍: ഒഡീഷയിലെ കട്ടക്ക് നഗരത്തിലെ ആശുപത്രിയില്‍ രണ്ട് രോഗികളെ ഡോക്ടര്‍ ബലാത്സംഗം ചെയ്തതായി പരാതി. കട്ടക് എസ്സിബി മെഡിക്കല്‍ കോളേജില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഹൃദ്രോഗ വിഭാഗത്തില്‍ ജോലിചെയ്തിരുന്ന പ്രതി എക്കോകാര്‍ഡിയോഗ്രാം പരിശോധനയ്‌ക്കെത്തിയ രോഗികളെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ പരാതി.

അതേസമയം, രോഗികളുടെ ബന്ധുക്കള്‍ തന്നെ അക്രമിച്ചതായി ചൂണ്ടികാട്ടി ആരോപണവിധേയനായ ഡോക്ടര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയാണ്. ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന പ്രതിയുടെ പേര് വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായിട്ടില്ല. ഇരകളായ രോഗികളുടെ പരാതിയില്‍ കട്ടക്കിലെ മംഗളബാഗ് പൊലീസ് കേസെടുത്തിട്ടുണ്ട്.

അന്വേഷണം ആരംഭിച്ചെന്നും ഇരകളുടെ മൊഴി രേഖപ്പെടുത്തുകയും തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും കട്ടക്ക് പൊലീസ് പറഞ്ഞു. എന്നാല്‍ ആശുപത്രി അധികൃതര്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

പശ്ചിമബംഗാളിലെ ആര്‍ജി കാര്‍ മെഡിക്കല്‍ കോളേജില്‍ യുവ ട്രെയിനി ഡോക്ടര്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറുന്നതിനിടെയാണ് ഒഡീഷയില്‍ നിന്ന് ആശുപത്രിക്കുള്ളിലെ പീഡന വിവരം പുറത്തുവരുന്നത്.

ആര്‍ജി കാര്‍ ക്യാമ്പസിനുള്ളില്‍ ആരംഭിച്ച കൊല്‍ക്കത്തയിലെ പ്രതിഷേധം രാജ്യതലസ്ഥാനമായ ഡല്‍ഹിയിലേക്ക് നീളുന്നുണ്ട്. ഒരു വിഭാഗം ഡോക്ടര്‍മാര്‍ വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി രംഗത്ത് വന്നിരുന്നു. പ്രതി സഞ്ജയ് റോയിക്ക് തൂക്ക് കയര്‍ തന്നെ നല്‍കണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ക്രൂരമായി ബലാത്സംഗം ചെയ്താണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടില്‍ വ്യക്തമായിരുന്നു.