ടെലിമാർക്കറ്റിംഗ് തട്ടിപ്പ്: സ്‌പാം കോളുകൾ ട്രായ് വിലക്കി

Wednesday 14 August 2024 12:26 AM IST

ന്യൂഡൽഹി: വർദ്ധിച്ചുവരുന്ന സ്‌പാം കോളുകളും അതുമായി ബന്ധപ്പെട്ട ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും തടയുന്നതിനായി എസ്. ഐ. പി-പി. ആർ. ഐ അടക്കം രജിസ്ട്രേഷൻ ഇല്ലാത്ത നമ്പരുകളിൽ നിന്ന് റെക്കോർഡു ചെയ്തതോ കമ്പ്യൂട്ടർ സഹായത്തോടെയോ വരുന്ന മാർക്കറ്റിംഗ് ഫോൺ കോളുകൾ തടയും. സ്‌പാം കോളുകൾ വരുന്ന നമ്പരുകൾ വിച്ഛേദിക്കാൻ എല്ലാ സേവന ദാതാക്കളോടും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ആവശ്യപ്പെട്ടു.

പരാതി ലഭിച്ചാൽ, നിയമപ്രകാരമുള്ള ഫോൺ കോൾ അല്ലെങ്കിൽ സന്ദേശം അയ്‌ക്കുന്നവവരുടെ പേരിലുള്ള എല്ലാ ടെലികോം കണക്‌ഷനുകളും വിച്ഛേദിച്ച് രണ്ട് വർഷം വരെ കരിമ്പട്ടികയിൽ പെടുത്തും. കരിമ്പട്ടികയിൽ പെടുത്തിയ വിവരം എല്ലാ സേവന ദാതാക്കളെയും അറിയിക്കണം. അവരും അതേ പേരിലുള്ള എല്ലാ ടെലികോം സേവനങ്ങളും 24 മണിക്കൂറിനുള്ളിൽ വിച്ഛേദിക്കണം.

രണ്ടുവർഷത്തിനുള്ളിൽ പുതിയ കണക്‌ഷനുകൾ എടുക്കാനാകില്ല.

രജിസ്റ്റർ ചെയ്യാത്ത മാർക്കറ്റിംഗ് സേവന ദാതാക്കൾ ഒരു മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കി ടെലികോം മന്ത്രാലയത്തിന് റിപ്പോർട്ട് നൽകണം. ഇതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ എല്ലാ മാസവും ഒന്ന്, 16 തീയതികളിൽ അറിയിക്കണം.