മാനഭംഗം, കൊലപാതകം: ഡോക്ടറുടെ ശരീരത്തിൽ മാരക മുറിവുകൾ

Wednesday 14 August 2024 1:25 AM IST

ന്യൂഡൽഹി: കൊൽക്കത്തയിലെ മെഡിക്കൽ കോളേജിലെ ലക്ചർ ഹാളിൽ ആഗസ്റ്റ് ഒൻപതിന് പുലർച്ചെ മൂന്നിനും അഞ്ചിനുമിടയിലാണ് വനിതാ ഡോക്ടർ കൊടും ക്രൂരതയ്ക്ക് ഇരയായതെന്ന് നിഗമനം.

അതിക്രമം തടയാൻ ഇര പരമാവധി പോരാടി. സ്വകാര്യഭാഗങ്ങളിൽ ഉൾപ്പെടെ മാരക മുറിവുകളെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കഴുത്തു ഞെരിച്ചതിനെ തുടർന്ന് തൈറോയ്ഡ് തരുണാസ്ഥി തകർന്നു. കരച്ചിൽ തടയാൻ ഇരയുടെ തല ചുമരിനോട് ചേർത്തുപിടിച്ചു. ഇരുകണ്ണുകൾ,​ വായ് എന്നിവയിൽ നിന്നും രക്തം പ്രവഹിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രതി ബോക്സർ, നാലു വിവാഹം

ആശുപത്രിക്ക് മുന്നിലെ ഔട്ട് പോസ്റ്റിൽ പൊലീസിനെ സഹായിക്കാനായി നിയോഗിച്ചിരുന്ന 33 വയസുള്ള പ്രതി സിവിക് വോളിയന്റർ സഞ്ജയ് റോയ് ബോക്‌സറാണ്. നാലു വിവാഹം കഴിച്ചെങ്കിലും പീഡനം കാരണം ഭാര്യമാർ ഉപേക്ഷിച്ചു.

ആശുപത്രിയിലെ എല്ലാ മേഖലയിലും ഇയാൾക്ക് പ്രവേശനമുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുമായുള്ള പ്രതിയുടെ ബന്ധമറിയാവുന്ന ജീവനക്കാർ ഇയാളെ തടഞ്ഞിരുന്നില്ല. ശനിയാഴ്ച പ്രതി അറസ്റ്റിലായിരുന്നു.

രാജ്യവ്യാപക പ്രതിഷേധം

സംഭവത്തിൽ ഇന്നലെയും റസിഡന്റ് ഡോക്‌ടർമാരുടെയും സംഘടനകളുടെയും ഉൾപ്പെടെ രാജ്യവ്യാപക പ്രതിഷേധം തുടർന്നു. വിധിയെ ഡോക്‌ടർമാർ സ്വാഗതം ചെയ്‌തു. സമരം തുടരുമെന്ന് കൊൽക്കത്തയിലെ ഡോക്‌ടർമാർ വ്യക്തമാക്കി. ഡൽഹിയിൽ എയിംസിലും ആർ.എം.എൽ ആശുപത്രിയിലും അടക്കം പ്രതിഷേധമുയർന്നു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ സംഭവത്തെ അപലപിച്ചു. ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ബംഗാൾ ചീഫ് സെക്രട്ടറിയും, ഡി.ജി.പിയും രണ്ടാഴ്ച്ചയ്‌ക്കകം റിപ്പോർട്ട് സമർപ്പിക്കണം.