രണ്ടുപേരും കൂടി കുത്തിയിരുന്ന് ഒരുമണിക്കൂ‌ർ സംസാരിച്ചാൽ തീരും പ്രശ്നം, മുല്ലപ്പെരിയാർ വിഷയത്തിൽ പി.സി ജോ‌ർജ്

Wednesday 14 August 2024 4:25 PM IST

കോട്ടയം: മുല്ലപ്പെരിയാർ ഡാം എത്രയും വേഗം പൊളിച്ചു മാറ്റണമെന്ന് മുൻ എംഎൽഎ പി.ജി ജോ‌ർജ്. 35 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമുണ്ടാകണം. എന്തുകൊണ്ട് പുതിയ ഡാം പണിയുന്നില്ല. തമിഴ്‌നാടിന് വെള്ളം കൊടുക്കണ്ടാ എന്നു പറയുന്നില്ല. പക്ഷേ അതിന്റെ പേരിൽ കേരളത്തിലെ അഞ്ച് ജില്ലകളിലെ ജനങ്ങളുടെ ജീവൻ കളയാൻ പറ്റില്ലെന്ന് വാർത്താ സമ്മേളനത്തിൽ പി.സി ജോ‌ർജ് പറഞ്ഞു.

''മുല്ലപ്പെരിയാർ ഡാം പൊട്ടുമോ ഇല്ലയോ എന്നതാണ് ജനങ്ങളുടെ മനസിലെ ചർച്ച. ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറയുന്നത് ഒരുഭയവും വേണ്ട എന്നാണ്. ഇടുക്കിയിലെ മന്ത്രി റോഷി അഗസ്‌റ്റിൻ എംഎൽഎ ആയിരുന്നപ്പോൾ സത്യവും നീതിയുമൊക്കെയുണ്ടായിരുന്നു. ഇപ്പോൾ മന്ത്രിയായപ്പോൾ അതൊന്നുമില്ല.

130 വർഷമാകുന്നു മുല്ലപ്പെരിയാർ പണികഴിപ്പിച്ചിട്ട്. ലോകത്തെ ഒരു ഡാമും അമ്പത് വർഷത്തിൽ കൂടുതൽ ആയുസില്ലെന്നാണ് വിദഗ്‌ദ്ധരെല്ലാം പറയുന്നത്. അതിനെയാണ് മുഖ്യമന്ത്രിയും ഇറിഗേഷൻ മന്ത്രിയും ഒരു കുഴപ്പവുമില്ലെന്ന് പറയുന്നത്. എത്രയും വേഗം ഡാം പൊളിച്ചു മാറ്റണം. 35 ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമുണ്ടാകണം.

എന്തുകൊണ്ട് പുതിയ ഡാം പണിയുന്നില്ല. തമിഴ്‌നാടിന് വെള്ളം കൊടുക്കണ്ടാ എന്നു പറയുന്നില്ല. പക്ഷേ അതിന്റെ പേരിൽ കേരളത്തിലെ അഞ്ച് ജില്ലകളിലെ ജനങ്ങളുടെ ജീവൻ കളയാൻ പറ്റില്ല. ഇൻഡി സഖ്യത്തിൽ ഭായി ഭായി എന്നു പറഞ്ഞല്ലോ പിണറായിയും സ്‌റ്റാലിനും നടക്കുന്നത്. കുത്തിയിരുന്ന് ഒരു മണിക്കൂർ സംസാരിച്ചാൽ തീരാവുന്ന പ്രശ്നമല്ലേയുള്ളൂ. ''- പി.സി ജോർജിന്റെ വാക്കുകൾ.

Advertisement
Advertisement