കാലാവസ്ഥ ചതിച്ചു, ചക്കവിപണിക്ക് തിരിച്ചടി

Thursday 15 August 2024 12:00 AM IST

ചാലക്കുടി: കാലാവസ്ഥയുടെ ചതിക്കുള്ളിലാണ് ചക്കയുടെ ഉപോത്പന്ന വിപണി. സ്‌ക്വാഷ്, പുട്ടുപൊടി, ഹൽവ, അച്ചാർ, ചമ്മന്തിപ്പൊടി, അവിലോസുണ്ട തുടങ്ങി നിരവധി വിഭവങ്ങളാണ് ചക്കയുടെ ഉപോത്പന്നങ്ങൾ. ചക്കക്കാലത്തിന് ശേഷമാണ് ഉപോത്പന്നങ്ങളുടെ നിർമ്മാണവും വിൽപ്പനയും സാധാരണ തകൃതിയാകാറുണ്ട്.

ചക്ക ഉത്പന്നങ്ങൾക്ക് ആവശ്യക്കാരേരെയുണ്ടെങ്കിലും ഇപ്പോൾ വിപണിയിൽ തിരിച്ചടിയായെന്നാണ് കച്ചവടക്കാരുടെ പക്ഷം. കാലാവസ്ഥാ വ്യതിയാനത്തോടെ ചക്ക ഉത്പാദനം കുറഞ്ഞത് വിപണിയിൽ ഉപോത്പന്നങ്ങളുടെ വില കൂടുന്നതിന് കാരണമായി. ഇതോടെ വിപണിയിടിഞ്ഞു. തുടർന്ന് ചക്കയിനങ്ങൾ മാത്രം വിൽപ്പന ചെയ്യുന്ന നിരവധി ഏജൻസികണ് പൂട്ടിപ്പോയത്.

രൂക്ഷമായ മഴക്കാലവും കടുത്ത വേനൽച്ചൂടുമാണ് ചാലക്കുടിയുടെ വിനോദ സഞ്ചാരത്തിനും ഒപ്പം ചക്ക വിപണിക്കും തിരിച്ചടിയായത്. ചക്കയുത്പന്നങ്ങളുടെ വിൽപ്പന നാലിലൊന്നായി കുറഞ്ഞതോടെ കുടുംബശ്രീ പ്രവർത്തകർ ഉൾപ്പെടെ ആരംഭിച്ച വിൽപ്പനശാലകൾക്ക് താഴ് വീണിട്ടുണ്ട്. നിലവാരം കുറഞ്ഞ ചക്കകൾ വിപണിയിലെത്തിയതും ദോഷമായെന്നാണ് വിലയിരുത്തൽ.

ഇടുക്കി, കുമളി എന്നിവിടങ്ങളിൽ നിന്നും സാധാരണ ഇക്കാലത്താണ് ചക്കകൾ എത്താറുള്ളത്. എന്നാൽ അവിടെയും ഇപ്പോൾ വറുതിയുടെ കാലം. പ്രാദേശികമായി കൃഷി ചെയ്യുന്ന സങ്കരയിനം പ്ലാവുകളിലെ ചക്കകളാണ് ഇത്തരം ആവശ്യങ്ങൾക്ക് ആശ്രയം. ഇത് കൊണ്ട് തയ്യാറാക്കുന്ന ഉത്പന്നങ്ങൾ ഓണക്കാലത്തെങ്കിലും പച്ചപിടിക്കുമെന്ന പ്രതീക്ഷയിലാണ് സംരംഭകർ.


കയ്‌പേറും ചക്കക്കാലം

അതിരപ്പിള്ളി പഞ്ചായത്തിലെ മികച്ച ചക്ക ഉത്പന്ന സംരംഭകനായ എൻ.കെ. മുരളിക്കും ഇത് കയ്‌പേറും കാലം. വെറ്റിലപ്പാറയിലെ തന്റെ ഗോൾഡൻ ജാക്ക് കേന്ദ്രം ഇപ്പോൾ മോശം അവസ്ഥയിലാണെന്ന് ചിക്ലായി സ്വദേശി മുരളി പറയുന്നു. ജീവനക്കാരെ നിലനിറുത്താനുള്ള പെടാപാടിലാണ് പത്തു വർഷമായി ചക്ക വിപണന മേഖലയിലുള്ള മുരളി.

പ്രതിസന്ധിയിങ്ങനെ
കനത്ത ചൂടിൽ പ്ലാവുകൾ കായ്ക്കുന്നതിന് കാലതാമസമുണ്ടായി. വിപണനത്തിൽ വൈകിയെത്തിയ ചക്ക വില്ലനായി. ചക്കകൾ കയറ്റി അയക്കുന്ന ഏജൻസികൾക്കും ഇക്കുറി തിരിച്ചടി നേരിട്ടു.

ചക്കയുത്പന്നങ്ങൾ


പഴച്ചക്ക:

പൾപ്പ്, ചക്കവരട്ടി, സ്‌ക്വാഷ്, ജാം. ഉണ്ണിയപ്പം.


ഇടിയൻ ചക്ക:

അച്ചാർ, കട്ട്‌ലെറ്റ്.


ചക്കക്കുരു:

പുട്ടുപൊടി, അവലോസ് ഉണ്ട.


പച്ചച്ചക്ക:

ഉപ്പേരികൾ.

Advertisement
Advertisement