തലശ്ശേരി- ബാവലി അന്തർ സംസ്ഥാന പാതയിലെ വിള്ളൽ: വിദഗ്ധസംഘം പരിശോധിച്ചു; നിർണായകയോഗം നാളെ

Wednesday 14 August 2024 9:47 PM IST

പേരാവൂർ: കനത്ത മഴയെത്തുടർന്ന് വിള്ളൽ രൂപപ്പെട്ട അപകടാവസ്ഥയിലായ തലശ്ശേരി-ബാവലി റോഡ് പൊതുമരാമത്ത് വിഭാഗം ചീഫ് എൻജിനിയർമാർ ഉൾപ്പെട്ട വിദഗ്ധസംഘം പരിശോധിച്ചു.തലശ്ശേരി- ബാവലി റോഡിൽ 29-ാം മൈലിന് സമീപം റോഡ് തകർന്ന ഭാഗത്ത് തിരുവനന്തപുരം റോഡ്സ് വിഭാഗം ചീഫ് എൻജിനീയർ അജിത് രാമചന്ദ്രൻ, ചീഫ് എൻജിനീയർ കെ.പി.അൻസാർ, തിരുവനന്തപുരം എൻ.എച്ച് ചീഫ് എൻജിനീയർ ജയശ്രീ, കോഴിക്കോട് സൂപ്രണ്ടിംഗ് എൻജിനീയർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശിച്ചത്.

കെ.കെ.ശൈലജ എം.എൽ.എക്ക് കണിച്ചാർ പഞ്ചായത്ത് വാർഡ് മെമ്പർ ജിമ്മി അബ്രാഹാം കഴിഞ്ഞ ദിവസം നൽകിയ നിവേദനത്തിന് പിന്നാലെ പൊതുമരാമത്ത് മന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തിര പ്രാധാന്യത്തോടു കൂടിയാണ് തകർന്ന റോഡ് ഉദ്യോഗസ്ഥർ സന്ദർശിച്ചത്.

വാർഡ് മെമ്പർ ജിമ്മി അബ്രാഹാം, ബാബു ഷജിൽ കുമാർ, പി.സി ജിൻസ്. ഒ.എ.ജോബ്, ഒ.എ.ജെയ്മോൻ എന്നിവരും ഉണ്ടായിരുന്നു. കണ്ണവം ഫോറസ്റ്റ് റേഞ്ചിലെ എസ്.എഫ്.ഒ എ.കെ.സുരേന്ദ്രനും സഹപ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു.

മന്ത്രിക്ക് റിപ്പോർട്ട് നൽകും

സംഘത്തിന്റെ സന്ദർശനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ട് ഇന്നുതന്നെ കെ.കെ.ശൈലജ എം.എൽ.എയ്ക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും കൈമാറുമെന്ന് ചീഫ് എൻജിനീയർ അജിത് രാമചന്ദ്രൻ അറിയിച്ചു. നാളെ മന്ത്രിയുടെ ഓഫീസിൽ ചേരുന്ന യോഗത്തിൽ റോഡിന്റെ പുനർനിർമ്മാണം സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അവർ പറഞ്ഞു.

Advertisement
Advertisement