ഉത്തര കേരളത്തിലെ രണ്ടാം ബസിലിക്കയായി ചെമ്പേരി ലൂർദ് മാത ദേവാലയം

Wednesday 14 August 2024 9:56 PM IST

തലശ്ശേരി: മാഹി സെന്റ് തെരേസ ബസിലിക്കക്ക് ശേഷം ഉത്തര കേരളത്തിലെ രണ്ടാമത്തെ ബസിലിക്കയായി ചെമ്പേരി ലൂർദ് മാതാ ബസിലിക്ക ദേവാലയത്തെ പ്രഖ്യാപിച്ചു. ഔദ്യോഗിക പ്രഖ്യാപനവും സമർപ്പണവും ഇന്നലെ ഉച്ചയ്ക്ക് 2.30ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിർവഹിച്ചു. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പംബ്ലാനി, ചെമ്പേരി ലൂർദ് മാതാ ബസിലിക്കയുടെ പ്രഥമ റെക്ടർ ഫാദർ ജോർജ് കാഞ്ഞിരക്കാട്ട് എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്.

തലശ്ശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പുമാരായ മാർ ജോർജ് ഞരളക്കാട്ട്, മാർ ജോർജ് വലിയമറ്റം, കോഴിക്കോട് ബിഷപ്പ് ഡോ.വർഗീസ് ചക്കാലയ്ക്കൽ, കണ്ണൂർ ബിഷപ്പ് ഡോക്ടർ അലക്സ് വടക്കുംതല, മാണ്ഡ്യ ബിഷപ്പ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം, ബത്തേരി ബിഷപ്പ് ജോസഫ് മാർ തോമസ്, കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ, താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ഭദ്രാവതി ബിഷപ്പ് മാർ ജോസഫ് അരുമച്ചാടത്ത്, മാനന്തവാടി സഹായ മെത്രാൻ മാർ അലക്സ് താരമംഗലം അടക്കം ഒട്ടനവധി വൈദികരും കാർമികത്വം വഹിച്ചു. തുടർന്നു നടന്ന പൊതുസമ്മേളനം മാർ ജോസഫ് പംബ്ലാനിയുടെ അദ്ധ്യക്ഷതയിൽ മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. കെ.സുധാകരൻ എം.പി, എം.എൽ.എമാരായ സജീവ് ജോസഫ്, സണ്ണി ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി തുടങ്ങിയ ജനപ്രതിനിധികളും പങ്കെടുത്തു. വൻജനാവലിയാണ് ചടങ്ങിന് സാക്ഷിയാകാൻ ചെമ്പേരിയിൽ എത്തിച്ചേർന്നത്. ഇതോടുകൂടി 1400 കുടുംബങ്ങൾ ഉള്ള ചെമ്പേരി ഇടവക മലബാറിലെ ഏറ്റവും വലിയ മരിയൻ തീർത്ഥാടന കേന്ദ്രമാകും. ദേവാലയ പുനരുദ്ധാരണത്തിന് ശേഷമാണ് ബസിലിക്കയായി നാടിന് സമർപ്പിച്ചത്.


പൂർവികരുടെ കഷ്ടപ്പാടിന് മാർപാപ്പ നൽകിയ സമ്മാനം:മാർ റാഫേൽ തട്ടിൽ

മണ്ണ് തേടിയും ജീവിതമാർഗം തേടിയും മീനച്ചിലാറിന്റെ പ്രാന്ത പ്രദേശങ്ങളിൽ നിന്നും മലബാറിലേക്ക് കുടിയേറിയ കാരണവന്മാരുടെ കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും കഥകളിൽ വിശുദ്ധ മാർപ്പാപ്പ കയ്യപ്പോടുകൂടി ചാർത്തുന്ന അഭിനന്ദനത്തിന്റെ മുദ്ര‌യാണ് ബസിലിക്ക പ്രഖ്യാപനമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ അഭിപ്രായപെട്ടു. ഈ നേട്ടത്തിൽ തലശ്ശേരി അതിരൂപതയെയും ചെമ്പേരി ഇടവകയെ സഹായിച്ചു പോന്നവരെയും അദ്ദേഹം അഭിനന്ദിച്ചു.

Advertisement
Advertisement