നഗരമദ്ധ്യത്തിലെ തട്ടിക്കൊണ്ടുപോകൽ, സ്വർണക്കടത്തോ സ്വർണം പൊട്ടിക്കലോ?

Thursday 15 August 2024 3:54 AM IST

തിരുവനന്തപുരം: വിമാനത്താവളത്തിൽ നിന്ന് തമ്പാനൂർ ബസ് സ്റ്റാൻഡിലേക്ക് ഓട്ടോയിൽ പോയ ആളെ നഗരമദ്ധ്യത്തിലെ ശ്രീകണ്‌ഠേശ്വരം പാർക്കിനടുത്തു നിന്ന് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസിന് സംശയം സ്വർണക്കടത്ത് സംഘങ്ങളെ. സ്വർണക്കടത്തുകാരിൽ നിന്ന് സ്വർണം വാങ്ങാനെത്തിയ ആളെയാണോ തട്ടിക്കൊണ്ടുപോയതെന്നാണ് സംശയം. സ്വർണം പൊട്ടിക്കൽ എന്നാണ് ഇതിന് പേര്. തലസ്ഥാനത്തെ ഗുണ്ടാ സംഘങ്ങളാണ് ഈ പൊട്ടിക്കൽ ക്വട്ടേഷനുകളെടുക്കുന്നത്. പ്രതികളെന്ന് സംശയിക്കുന്ന അഞ്ചുപേരും മുമ്പ് ഇത്തരം പൊട്ടിക്കലുകൾ നടത്തിയിരുന്നു.

വിമാനത്താവളം വഴി സ്വർണം കടത്തുന്ന മലയാളികളുടെയും തമിഴന്മാരുടെയും ഓരോ സംഘങ്ങളുണ്ട്. ഇവർ തമ്മിലുള്ള കുടിപ്പകയും ഒറ്റും ഏറ്റുമുട്ടലുകളും പതിവാണ്. കടത്തുസ്വർണം തട്ടിക്കൊണ്ടുപോയാൽ പരാതിയോ കേസോ ഉണ്ടാവാത്തതിനാൽ ഗുണ്ടകൾ ധൈര്യമായി ക്വട്ടേഷനെടുക്കും. സ്വർണം പൊട്ടിക്കൽ വ്യാപകമാണെങ്കിലും കേസുകളില്ല. സമാന സംഭവമാണ് ഇന്നലെ പുലർച്ചെയും നടന്നതെന്നാണ് പൊലീസിന്റെ സംശയം.

ചൊവ്വാഴ്ച രാത്രി പത്തരയോടെ സിംഗപ്പൂരിൽ നിന്നുള്ള സ്‌കൂട്ട് എയർലൈൻസിൽ വന്ന കന്യാകുമാരി സ്വദേശിയെയാണ് തട്ടിക്കൊണ്ടുപോയതെന്നായിരുന്നു പൊലീസിന് ആദ്യംകിട്ടിയ വിവരം. ഇതനുസരിച്ച് വിമാനത്താവളത്തിലെ സി.സി.ടിവി ദൃശ്യങ്ങളും ഇമിഗ്രേഷൻ രേഖകളുമെല്ലാം പരിശോധിച്ചപ്പോഴാണ് തട്ടിക്കൊണ്ടുപോയത് യാത്രക്കാരനെ അല്ലെന്ന് മനസിലായതെന്ന് പൊലീസ് പറഞ്ഞു. ഇയാൾ വിമാനത്താവളത്തിനകത്ത് കയറിയിട്ടില്ലെന്നു കൂടി കണ്ടെത്തിയതോടെയാണ് സ്വർണം പൊട്ടിക്കലാണെന്ന സംശയത്തിലേക്കെത്തിയത്.

എയർകസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് സ്വർണവുമായി പുറത്തിറങ്ങുന്നവരെ പരസ്പരം ഒറ്റിക്കൊടുത്ത് തട്ടികൊണ്ടുപോകുന്നതും ഇവരിൽ നിന്ന് സ്വർണം തട്ടിയെടുക്കുന്നതും പതിവാണ്. കള്ളക്കടത്ത് സ്വർണമായതിനാൽ പരാതി പോലുമുണ്ടാവില്ല. തമിഴ്നാട് സ്വദേശികളിൽ നിന്നാണ് വൻതോതിൽ സ്വർണം തട്ടിയെടുക്കുന്നത്. മുമ്പ് പലതവണ വിമാനത്താവളത്തിന് മുന്നിൽ നിന്ന് സ്ത്രീകളടക്കമുള്ള യാത്രക്കാരെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ഇതെല്ലാം സ്വർണം പൊട്ടിക്കലാണെന്നാണ് പൊലീസ് കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിലും തലസ്ഥാനത്തെ സ്വർണക്കടത്ത് സംഘമെന്നാണ് സംശയം.

ഫോണിൽ വിവരമെത്തും,

ഓപ്പറേഷൻ പിന്നാലെ

വിദേശത്തു നിന്ന് സ്വർണം കൊടുത്തുവിടുന്നവരെ ചതിച്ച്, വിമാനത്താവളത്തിൽ കാത്തുനിൽക്കുന്നവർക്ക് കൈമാറാതെ കടന്നുകളയുന്നവരുമുണ്ട്

പരാതിപ്പെടാനാവാത്തതിനാൽ ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് കാരിയർമാരെ തട്ടിക്കൊണ്ടുപോയി സ്വർണം പിടിച്ചെടുക്കും

സ്വർണം കൊണ്ടുവരുന്നവരുടെ ചിത്രം, വസ്ത്രത്തിന്റെ നിറം, പാസ്‌പോർട്ട് വിവരങ്ങൾ എന്നിവ ഗുണ്ടാസംഘങ്ങൾക്ക് കൈമാറും

വിമാനത്താവളത്തിലെ ശുചീകരണ ജോലിക്കാർ, ട്രോളി ബോയിമാർ തുടങ്ങിയ സംഘവും സ്വർണക്കടത്തുകാർക്ക് വിവരങ്ങൾ കൈമാറുന്നുണ്ട്

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം പൊട്ടിക്കൽ സംഘങ്ങളെ പൊലീസ് തുടരെ പിടികൂടുന്നുണ്ടെങ്കിലും ഇവിടെ പൊലീസ് നടപടി സജീവമല്ല

Advertisement
Advertisement