അത്തിത്തറ പാടശേഖരം തരിശായിട്ട് 27വർഷം

Thursday 15 August 2024 1:24 AM IST

ആലപ്പുഴ: നഗരത്തിൽ പഴവീട് വാർഡിലെ അത്തിത്തറ പാടശേഖരത്തിൽ കൃഷിയിറക്കാതായിട്ട്

27വർഷമാകുന്നു. തരിശുകിടക്കാൻ തുടങ്ങിയതോടെ മുപ്പത്തിനാല് ഏക്കർ പാടശേഖരത്തിന് നടുവിൽ ആറും പുറം ബണ്ടുകളിൽ നാൽപ്പതോളം കുടുംബങ്ങളും സ്ഥിരം വെള്ളക്കെട്ടിലാണ്.

കട്ടയെടുക്കാൻ വേണ്ടി പാടത്തെടുത്ത കുഴിയിൽ വെള്ളം കയറിക്കിടക്കുന്നതാണ് വെള്ളക്കെട്ടിന് കാരണം.രണ്ട് പതിറ്റാണ്ട് മുമ്പ് എടുത്ത കുഴി പൂർവ്വസ്ഥിതിയിലാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.പെട്ടിയും പറയും മോട്ടോർ തറയുമടക്കം കൃഷി സംബന്ധമായ അവശേഷിപ്പുകളെല്ലാം നശിച്ചു.നഗരസഭാ ബഡ്ജറ്റിൽ 25 ലക്ഷം പ്രഖ്യാപിച്ചെങ്കിലും അതിന്റെ ഗുണവും അത്തിത്തറ പാടശേഖരത്തിന് ലഭിച്ചില്ല. പതിനെട്ട് കർഷകരുടെ ഉടമസ്ഥതയിലാണ് 34 ഏക്കർ പാടശേഖരമുള്ളത്.

നഗരത്തിന്റെ ഹൃദയഭാഗത്തെ പാടശേഖരമാണ് കാടുകയറി നശിക്കുന്നത്. ഉത്പാദന മേഖലയിൽ ഉൾപ്പെടുത്തി പാടശേഖരത്തെ കൃഷിയോഗ്യമാക്കുന്നതിന് നഗരസഭയ്ക്ക് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യാവുന്നതാണ്. കൃഷി വകുപ്പിന്റെ സഹായവും ലഭിക്കും.

പാടംകടക്കാൻ ചങ്ങാടം കയറണം

1.പാടശേഖര സമിതി രൂപീകരിച്ച്, എം.എൽ.എ സ്ഥലം നേരിൽകാണുകയും കൃഷി മന്ത്രിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ,​ പാടശേഖരം വീണ്ടെടുക്കാൻ കോടികൾ വേണമെന്ന് റിപ്പോർട്ട് വന്നതോടെ അത് അവിടെ അവസാനിച്ചു

2.മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമാകുമ്പോൾ പാടത്തിന് നടുവിലെ കുടുംബങ്ങൾ ചങ്ങാടത്തിൽ കയറിയാണ് കരയിലെത്തുന്നത്. കാടുകയറിക്കിടക്കുന്ന പ്രദേശത്ത് ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്

നഗരത്തിൽ

ആകെ പാടശേഖരങ്ങൾ: 14

കൃഷിയുള്ളത് : 12

അത്തിത്തറ

വിസ്‌തീർണം: 34 ഏക്കർ

കർഷകർ: 18

വെള്ളംകയറി, കാടുപിടിച്ച പാടശേഖരത്തിന് നടുവിലെയും പരിസരത്തെയും ജനങ്ങൾക്ക് സമാധാനമായി കിടന്നുറങ്ങാനാവുന്നില്ല. പാടശേഖരത്തിലെ വെള്ളം വറ്റിക്കാനും കാട് വെട്ടിത്തെളിക്കാൻ ഫണ്ട് അനുവദിച്ചാൽ തന്നെ അവർക്ക് വലിയ ആശ്വാസമാകും

- സി.അരവിന്ദാക്ഷൻ, പഴവീട് വാർഡ് കൗൺസിലർ