വളർന്ന് കയറിയ കാടും തെരുവുനായ്ക്കളും, ഭയന്ന് വനിതാ ഡോക്ടർമാരുടെ യാത്ര

Wednesday 14 August 2024 10:31 PM IST

ആലപ്പുഴ : കാട് പിടിച്ച് ഇഴജന്തുക്കൾ താവളമാക്കിയ പ്രദേശം. ആവശ്യത്തിന് വെളിച്ചമില്ല. ഇവിടെ കൂട്ടമായി തമ്പടിക്കുന്ന തെരുവുനായ്ക്കളും. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നൈറ്റ് ഡ്യൂട്ടിക്ക് ശേഷം പി.ജി ക്വാർട്ടേഴ്സിലേക്കും ഹൗസ് സർജൻസിന്റെ ഹോസ്റ്റലിലേക്കും പോകുന്ന വനിതാ ഡോക്ടർമാരും നഴ്സിംഗ് വിദ്യാർത്ഥികളും സഞ്ചരിക്കേണ്ട വഴിയുടെ അവസ്ഥയാണിത്. കൊൽക്കത്ത ആർ.ജി കർ ആശുപത്രിയിൽ വനിതാഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം വിവാദമായിരിക്കേ, സമാന അരക്ഷിതാവസ്ഥയാണ് ആലപ്പുഴ മെഡിക്കൽ കോളേജിലും വനിതാ ഡോക്ടർമാർ നേരിടുന്നത്.

ആശുപത്രിയിലെ ഡ്യൂട്ടി സമയവും, അതിന് ശേഷം ഹോസ്റ്റലിലേക്കുള്ള സഞ്ചാരവും ഭീതി നിറഞ്ഞ സമയങ്ങളാണെന്ന് പി.ജി ഡോക്ടർമാർ തുറന്നു പറഞ്ഞു. കൂട്ടമായെത്തുന്ന കൂട്ടിരിപ്പുകാർ പലപ്പോഴും കൊലവിളി നടത്തുന്ന സാഹചര്യമാണുള്ളത്. അടുത്തിടെ ആസിഡ് ആക്രമണ ഭീഷണിയാണ് മെഡിക്കൽ കോളേജിലെ പി.ജി ഡോക്ടർ നേരിട്ടത്. ആശുപത്രിക്കുള്ളിൽ രോഗികളുടെ ബന്ധുക്കളെന്ന തരത്തിൽ കടന്നുകൂടുന്നവർ വിദ്യാർത്ഥിനികളെയും ഡോക്ടർമാരെയും കടന്നുപിടിച്ച സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ആവശ്യത്തിന് സെക്യൂരിറ്റി ജീവനക്കാരില്ലാത്തതിനാൽ ഇത്തരം സാഹചര്യങ്ങളിൽ നിയന്ത്രണം പാളും.

നാല് വഴികൾ, പേരിന് പോലും സുരക്ഷയില്ല

 ദേശീയപാതയോട് ചേർന്നുള്ള പ്രധാന പ്രവേശനകവാടം കൂടാതെ ആശുപത്രി വളപ്പിലേക്ക് പ്രവേശിക്കാൻ നാല് വശത്ത് നിന്നും വ്യത്യസ്ത വഴികളുണ്ട്. ഒരു വഴിയിൽ പോലും ഗേറ്റില്ല

പൊതുജനങ്ങളും അന്യസംസ്ഥാന തൊഴിലാളികളും സ്വതന്ത്രമായി സഞ്ചരിക്കുന്ന വഴിയിൽ രാത്രി ഡ്യൂട്ടി കഴിഞ്ഞ് വരുന്ന പല വനിതാഡോക്ടർമാരും, നഴ്സിംഗ് വിദ്യാർത്ഥിനികളും സാമൂഹ്യവിരുദ്ധ ശല്യം നേരിട്ടിട്ടുണ്ട്

 അടുത്തിടെ ഒരു പെൺകുട്ടിയെ കടന്നുപിടിക്കാനുള്ള ശ്രമവും നടന്നിരുന്നു. തുടർന്ന്, രാത്രിയിൽ മൂന്ന് സെക്യൂരിറ്റി ജീവനക്കാരെ പ്രദേശത്ത് വിന്യസിച്ചു

ആശുപത്രിയിൽ നിന്ന് ക്വാർട്ടേഴ്സുകളിലെത്താൻ അര കിലോമീറ്ററിലധികം നടക്കേണ്ടതുണ്ട്. ഈ വഴിയുടെ വശത്താണ് ആശുപത്രി മാലിന്യങ്ങൾ കൂട്ടിയിട്ട് തരംതിരിക്കുന്നത്

 രാത്രി തെരുവുനായ്ക്കൾ മാലിന്യങ്ങൾ റോഡിലേക്ക് വലിച്ചിടും. ഉപയോഗിച്ച സിറിഞ്ച് അടക്കമുള്ളവ വിദ്യാർത്ഥികളുടെ കാലിൽ കൊണ്ട് പരിക്കേൽക്കുന്നതും പതിവാണ്. ഇവിടെ ആവശ്യത്തിന് വെളിച്ചമോ ക്യാമറ നിരീക്ഷണമോ ഇല്ല

അടച്ചുറപ്പില്ലാത്ത ആശുപത്രി!

ആശുപത്രിയിൽ അക്രമം നടത്തിയ ശേഷം സാമൂഹ്യ വിരുദ്ധർക്ക് ഏത് വഴി വേണമെങ്കിലും ഓടി രക്ഷപെടാം. കുട്ടികളെ കാണാതാവുന്ന സമയത്ത് നൽകുന്ന പിങ്ക് അലർട്ടിൽ എല്ലാ ഗേറ്റുകളും അടച്ചിടണമെന്നാണ് വ്യവസ്ഥ. എന്നാൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്തരത്തിൽ അടച്ചിടാൻ ഒരു ഗേറ്റ് പോലുമില്ല. ആശുപത്രിക്കുള്ളിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ ആകെയുള്ളത് രണ്ട് പൊലീസുകാരാണ്. പ്രധാന വാർഡുകൾക്ക് മുന്നിലും അത്യാഹിതത്തിലും വിരലിലെണ്ണാവുന്ന സെക്യൂരിറ്റി ജീവനക്കാരാണുള്ളത്. ഒരാഴ്ച്ച മുമ്പാണ് ഡ്യൂട്ടി ഡോക്ടറുടെ ഐ ഫോൺ ആശുപത്രിയിൽ നഷ്ടപ്പെട്ടത്. ഇത് ഏത് വഴി പോയെന്ന് അറിയാൻ പോലും ഒരു നീരീക്ഷണ ക്യാമറയില്ലാത്ത സ്ഥിതിയാണ്.

കൂട്ടിരിപ്പുകാർക്ക് താൽക്കാലിക തിരിച്ചറിയൽ കാർഡ് നൽകി നിയന്ത്രണമൊരുക്കണം. മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്നവരെ കണ്ടെത്തി പുറത്താക്കണം

- പി.ജി അസോസിയേഷൻ പ്രതിനിധി

Advertisement
Advertisement