ഇടുക്കിയിൽ കോൺഗ്രസ് - ലീഗ് ഭിന്നത രൂക്ഷം

Thursday 15 August 2024 1:35 AM IST

തൊടുപുഴ: മുസ്ലീംലീഗ് കൗൺസിലർമാരുടെ പിന്തുണയോടെ തൊടുപുഴ നഗരസഭയിൽ എൽ.ഡി.എഫ് അധികാരത്തിലെത്തിയതിന് പിന്നാലെ യു.ഡി.എഫിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. ജില്ലയിൽ യു.ഡി.എഫുമായുള്ള സഹകരണം തത്കാലം അവസാനിപ്പിച്ചെന്ന മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നിലപാടിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ഇന്നലെ ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു രംഗത്തെത്തി.

ഉത്തര കേരളത്തിലെ ഉമ്മാക്കി കാട്ടി മുസ്ലീംലീഗ് മാത്യു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആടിനെ പട്ടിയാക്കുന്ന സമീപനമാണ് ലീഗിന്റേത്. സി.പി.എമ്മും ലീഗും നടത്തുന്നത് കൂട്ടു കച്ചവടമാണ്. മൂന്നു മാസം വിദേശത്തായിരുന്ന മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ.ഷൂക്കൂർ എൽ.ഡി.എഫുമായി ഡീൽ ഉറപ്പിച്ച ശേഷമാണ് ചെയർമാൻ തിരഞ്ഞെടുപ്പിന് തലേന്ന് നാട്ടിലെത്തിയത്. ലീഗിന്റെ ഭീഷണിയൊന്നും കോൺഗ്രസിനോട് വേണ്ട. അടുത്ത തവണ ലീഗ് സ്വതന്ത്രമായി മത്സരിച്ച് വിജയിക്കട്ടെ. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും ജില്ലയിലെ കോൺഗ്രസ് നേതൃത്വം തയാറല്ല. സൗഹൃദ മത്സരമെന്നത് എൽ.ഡി.എഫിന് വോട്ട് ചെയ്യാനുള്ള അവസരമാക്കി ലീഗ് മാറ്റി.

കൈക്കൂലി കേസിൽ പ്രതിയായ മുൻ ചെയർമാൻ സനീഷ് ജോർജ് രാജി വച്ചതിനെ തുടർന്നാണ് തൊടുപുഴ നഗരസഭയിൽ തിങ്കളാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. കൗൺസിലിൽ കേവല ഭൂരിപക്ഷമുള്ളതിനാൽ യു.ഡി.എഫ് ഭരണം പിടിക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ആദ്യ ആറ് മാസത്തെ ചെയർമാൻ സ്ഥാനം തങ്ങൾക്ക് വേണമെന്ന് ലീഗും കോൺഗ്രസും ആവശ്യപ്പെട്ടു. ഈ തർക്കത്തിന് തിരഞ്ഞെടുപ്പിന്റെ അന്നും പരിഹാരമായില്ല. തുടർന്ന് ഇരുകൂട്ടരും വെവ്വേറെ മത്സരിച്ചു. അവസാന റൗണ്ടിൽ അഞ്ച് ലീഗ് കൗൺസിലർമാർ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു. ഇതോടെ ഭരണം എൽ.ഡി.എഫിന് കിട്ടി. കോൺഗ്രസ് മുന്നണി മര്യാദ പാലിച്ചില്ലെന്നും കൈക്കൂലി കേസിലെ പ്രതിയായ മുൻ ചെയർമാനെ കൂട്ടു പിടിച്ച് ജയിക്കാൻ ശ്രമിച്ചെന്നുമാണ് ലീഗ് ആരോപിക്കുന്നത്.

Advertisement
Advertisement