മകളുടെ പ്രണയത്തെ എതിർത്തു, പിതാവിനെ കാമുകനും കൂട്ടുകാരും ചേർന്ന് അടിച്ചുകൊന്നു: കോട്ടയത്തെ ഞെട്ടിച്ച് ക്രൂരകൃത്യം

Friday 02 August 2019 1:15 PM IST

കോട്ടയം: മകളുടെ പ്രണയത്തെ എതിർത്ത പിതാവിനെ കാമുകനും സുഹൃത്തുക്കളും ചേർന്ന് അടിച്ചുകൊന്നു. പത്തനംതിട്ട ഇലന്തൂർ ഇടപ്പരിയാരം വിജയവിലാസത്തിൽ സജീവ് (49) ആണ് ഇന്നലെ മരിച്ചത്. 27ന് പട്ടാപ്പകലാണ് സജീവിന് മർദ്ദനമേറ്റത്. മകളുടെ പ്രണയവിവരം അറിഞ്ഞ് ഗൾഫിൽ ജോലിയുള്ള സജീവ് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.

കോട്ടയം സ്വദേശിയായ ഡ്രൈവറുമായുള്ള പ്രണയത്തിൽ നിന്ന് മകളെ പിന്തിരിപ്പിക്കാൻ സജീവ് കഴിവതും ശ്രമിച്ചിരുന്നു. തുടർന്ന് കാമുകൻ ഇവരുടെ വീട്ടിലെത്തി പിതാവിനെ ചോദ്യം ചെയ്തു. തങ്ങൾ പ്രായപൂർത്തിയായവരാണെന്നും ആര് തടസം നിന്നാലും മകളുടെ കഴുത്തിൽ താലചാർത്തുമെന്നും പറഞ്ഞതോടെ സജീവ് ക്ഷുഭിതനായി. തുടർന്ന് വാക്കേറ്റവും ഉണ്ടായി. വീട്ടിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളുമായി മകൾ അടുത്ത ദിവസം ആരും അറിയാതെ സ്ഥലം വിടുകയും ചെയ്തു.

27ന് മെഴുവേലി കുറിയാനിപ്പള്ളിയിലെ ഭാര്യ വീട്ടിൽ സജീവ് എത്തിയതറിഞ്ഞ് മകളുടെ കാമുകനും നാല് സുഹൃത്തക്കളും ചേർന്ന് ആക്രമിക്കുകയായിരുന്നു. അടിയേറ്റ് നിലത്തുവീണ സജീവ് വീട്ടിലെത്തി താമസിയാതെ തളർന്നുവീണു. തുടർന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും പിന്നീട് വൈക്കത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ സജീവ് മരിച്ചു.

സജീവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ഇടപ്പരിയാരത്ത് നടക്കും.

അതേസമയം പിതാവ് മർദ്ദിച്ചുവെന്ന് കാട്ടി മകളും കാമുകനും ചേർന്ന് ആറന്മുള പൊലീസിൽ പരാതി നല്കിയിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളുവെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ ചന്ദ്രബാബു പറഞ്ഞു.