കാണികളെ ചിന്തിപ്പിച്ച് ബി.ഡി.ദത്തന്റെ 'സംഘർഷം'

Friday 16 August 2024 4:16 PM IST

തിരുവനന്തപുരം: മനസിന്റെ വിവിധ തലങ്ങളെ സൂചിപ്പിക്കുന്ന 20 ചിത്രങ്ങൾ.അതിന്റെ അർത്ഥവും വ്യാപ്തിയും നിർവചിക്കാനുള്ള അവകാശം കാഴ്ചക്കാരന് സ്വന്തം. വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ ലളിതകലാ അക്കാഡമി ആർട് ഗ്യാലറിയിൽ നടക്കുന്ന ചിത്രകാരൻ ബി.ഡി.ദത്തന്റെ 'സംഘർഷം' എന്ന ചിത്രപ്രദർശനം ശ്രദ്ധനേടി. ചിത്രകാരന്റെ ജീവിതത്തിലെ ബാഹ്യവും ആന്തരികവുമായ സംഘർഷങ്ങളാണ് ഓരോ ചിത്രവും. 'കാലം' എന്ന ആശയത്തിൽ മുമ്പ് വരച്ചിട്ടുള്ള ചിത്രങ്ങളുടെ തുടർച്ചയാണിത്. 'മനുഷ്യനാണ് മനസ്,മനസാണ് മനുഷ്യൻ' എന്ന ആശയമാണ് ക്യാൻവാസുകളിൽ.

'വർഷങ്ങൾക്കു മുമ്പ് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി ചിത്രം വരച്ച ഒരു കുട്ടിയെ ചിത്രകലാ അദ്ധ്യാപകൻ ശകാരിച്ചു. മറ്റുള്ളവരെപ്പോലെ വരയ്ക്കാൻ സാധിക്കാത്തതിൽ അന്ന് ആ കുട്ടിക്ക് ദുഃഖം തോന്നിയെങ്കിലും തനതുശൈലിയിൽ തന്നെ നിറുത്താതെ വരച്ചു. രാജാരവിവർമ്മ പുരസ്കാരം ഉൾപ്പെടെ ലഭിച്ച ചിത്രകാരൻ ബി.ഡി.ദത്തനാണ് ആ കുട്ടി...'ചടങ്ങ് ഉദ്ഘാടനം ചെയ്ത എഴുത്തുകാരനും റിട്ട. ഗവ.സെക്രട്ടറിയുമായ കെ.വി.മോഹൻകുമാർ പറഞ്ഞു. ആർട്ടിസ്റ്റും നോവലിസ്റ്റുമായ അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.ജി.പി എ.ഹേമചന്ദ്രൻ,സൂര്യാ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റി സ്ഥാപകൻ സൂര്യാകൃഷ്ണമൂർത്തി,കലാനിരൂപകൻ സി.ഇ.സുനിൽ തുടങ്ങിയവ‌ർ പങ്കെടുത്തു.രാവിലെ 11 മുതൽ 7 വരെയാണ് പ്രദർശനം. 21ന് സമാപിക്കും.

ചിത്രരചന ഒരിക്കലും മടുത്തിട്ടില്ല. ഇവ കാണുമ്പോൾ എനിക്ക് ലഭിക്കുന്ന അനുഭൂതി വിലമതിക്കാനാവാത്തതാണ്.

ബി.ഡി.ദത്തൻ

.

Advertisement
Advertisement