ബംഗ്ലാദേശിൽ ഹിന്ദു കുടുംബത്തിന്റെ വീട് കത്തിച്ചു

Thursday 15 August 2024 7:33 AM IST

ധാക്ക: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ വീണ്ടും ആക്രമണം. താക്കൂർഗാവോൺ ജില്ലയിലെ ഫരാബാരി മാന്ദിർപാരാ ഗ്രാമത്തിൽ ഹിന്ദു കുടുംബത്തിന്റെ വീട് അക്രമികൾ കത്തിച്ചു. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. വീട്ടിലുണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ മാസം 5ന് ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതിന് ശേഷം ഹൈന്ദവ സമൂഹത്തിനെതിരെ കുറഞ്ഞത് 278 അക്രമ സംഭവങ്ങളെങ്കിലും ഉണ്ടായെന്നാണ് കണക്ക്. ഹസീന സർക്കാരിന്റെ പതനത്തോടെ രാജ്യത്ത് ഭീതിയോടെയാണ് ജീവിക്കുന്നതെന്ന് ന്യൂനപക്ഷ സംഘടനകൾ ആരോപിച്ചു.ഹസീനയുടെ അവാമി ലീഗിനായിരുന്നു ബഹുഭൂരിപക്ഷം ന്യൂനപക്ഷങ്ങളുടെയും പിന്തുണ. അക്രമങ്ങൾക്കെതിരെ രാജ്യത്ത് പ്രതിഷേധം തുടരുകയാണ്. ഹിന്ദുക്കൾക്ക് പിന്തുണയുമായി ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ് കഴിഞ്ഞ ദിവസം ധാക്കയിലെ ധാക്കേശ്വരി ക്ഷേത്രം സന്ദർശിച്ചിരുന്നു. ന്യൂനപക്ഷങ്ങൾക്ക് നീതിയും സംരക്ഷണവും ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.